കൊൽക്കത്തയിലെ കാളി ഘട്ടിലേത് പോലെ ഇവിടെയും മൃഗബലി വളരെ പ്രധാനപ്പെട്ട ഒരു പൂജയും വഴിപാടും ആണ്.

ഇന്നലെ രാത്രി നല്ലത് പോലെ ഉറങ്ങി. കാലത്ത് 8 മണിയോടെ റൂമിൽ നിന്ന് ഇറങ്ങി കമാഖ്യ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. വളരെ അടുത്താണ് ക്ഷേത്രം. എട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്നു എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം പരമശിവനേയും സതിയേയും ചുറ്റിപ്പറ്റി ഉള്ളതാണ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ചരിത്രവും കമാഖ്യ ക്ഷേത്രത്തിന് ഉണ്ട്. കൊൽക്കത്തയിലെ കാളി ഘട്ടിലേത് പോലെ ഇവിടെയും മൃഗബലി വളരെ പ്രധാനപ്പെട്ട ഒരു പൂജയും വഴിപാടും ആണ്.

അവിടത്തേത് പോലെ തന്നെ ആടുകളെ ക്ഷേത്രത്തിന് അകത്ത് കാണാമായിരുന്നു. ഭക്തി ഇവിടെയും വലിയ കച്ചവടമാണ്. ക്ഷേത്രത്തിലേക്ക് വരുന്നവർക്ക് പൂജസാധാനങ്ങൾ വിൽക്കുവാനായി നിരവധി കടകൾ പോകുന്ന വഴിയിൽ കാണാം. ക്ഷേത്രത്തിലേക്ക് കടക്കുന്നിടത്ത് തന്നെ ലോഹത്തിൽ തീർത്ത സിംഹത്തിന്റെ 2 വലിയ രൂപങ്ങൾ ഉണ്ട്.

ഞങ്ങൾ അമ്പലത്തിനെ വലം വച്ച് അകത്ത് കയറി. അകത്തും പുറത്തും ഉള്ള നിരവധി ബിംബങ്ങളിൽ എല്ലാം തന്നെ ചുവന്ന കുങ്കുമം തൂകിയിരുന്നു. ഭക്തർ ഇവക്ക് മുന്നിൽ എല്ലാം തൊഴുന്നതും അവയിലെ കുങ്കുമം നെറ്റിയിൽ ചാർത്തുന്നതും കാണാമായിരുന്നു. പുറത്ത് ഇറങ്ങി ഭക്ഷണം കഴിച്ച് ഞങ്ങൾ ഗുവാഹത്തിയിലേക്കുള്ള ബസ് പിടിച്ചു.

ഇനി അരുണാചൽ പ്രദേശിലേക്കുള്ള യാത്രയാണ്. അരുണാചലിലേക്ക് പ്രവേശിക്കാൻ അവിടുത്തെ ഗവണ്മെന്റ് നൽകുന്ന Inner Line Permit (ILP) ആവശ്യമാണ്. അതിനായി അരുണാചൽ ഗവണ്മെന്റിന്റെ ഗുവാഹത്തിയിലെ ഓഫീസിൽ എത്തി 1 മണിയോടെ ഞങ്ങൾ അപേക്ഷ നൽകി. 3 പാസ്പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും അതിനായി അപേക്ഷയുടെ കൂടെ നൽകേണ്ടതുണ്ട്. 25 രൂപയാണ്‌ ഒരാൾക്കുള്ള ചാർജ്ജ്‌. വൈകീട്ട് 3 മണിയോടെ പെർമിറ്റ് വാങ്ങി 4 മണിക്ക് പുറപ്പെടുന്ന ആസാമിന്റെ ആനവണ്ടിയിൽ ഞങ്ങൾ തേസ്പൂരിലേക്ക് യാത്രയായി.

തേസ്പൂരിൽ എത്തി ഞങ്ങൾ OYO വഴി ബുക് ചെയ്ത ഹോട്ടലിലേക്ക് പോയി. പക്‌ഷേ അവർ ഞങ്ങൾക്ക് റൂം നിഷേധിച്ചു. OYO ഉം ആയി അവർക്കിപ്പോൾ പാർട്ട്ണർഷിപ് ഇല്ലെന്നും OYO പറയുന്ന റേറ്റിൽ റൂം തരാൻ കഴിയില്ല എന്നുമാണ് ഹോട്ടലിൽ നിന്ന് പറഞ്ഞത്. ഇത് ആദ്യം ആയല്ല OYO വഴി ബുക് ചെയ്ത റൂമിൽ ചെക്ക്-ഇൻ ചെയ്യാൻ കഴിയാതെ പോകുന്നത്. വളരെ നിരുത്തരവാദപരമായ നടത്തിപ്പാണ് OYO യുടേത്. ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷവും വേറെ റൂം കിട്ടാതിരുന്ന ഞങ്ങളുടെ മോശം അവസ്ഥ കണ്ട് ബുക്ക്‌ ചെയ്ത തുകയിൽ നിന്ന് കൂടുതലും എന്നാൽ ഹോട്ടലിന്റെ താരിഫ് റേറ്റിൽ നിന്ന് കുറഞ്ഞ ഒരു തുകയിലും ഞങ്ങൾക്ക് റൂം തന്നു. നാളെ കാലത്ത് 5 മണിക്ക് ബോംടില (Bomdila) പോകാൻ ഉള്ള ഷെയർ ടാക്സി ഞങ്ങളെ പിക്ക് ചെയ്യാൻ വരും.

വിവരണം ധീരജ് കെ രാജാറാം