നാവികന്റെ_യാത്രകൾ പോർച്ചുഗലുംകാഴ്ചകളും

കപ്പലിന്റെ റൂട്ട് മാറുന്നുവെന്ന വാർത്ത വന്നിട്ട് കുറച്ചായെങ്കിലും ഏതു രാജ്യത്തേക്കാണെന്നോ എന്നത്തേക്കാണെന്നോ ഒന്നും അറിയില്ലായിരുന്നു .കോംഗോ ,നമീബിയ ,അംഗോള ,ഗിനിയ ,നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ചില പോർട്ടുകളിൽ പോയതിനുശേഷം തിരിച്ചു സ്പെയിനിലെ അൽജസൈറസിലേക് പോവുന്ന വഴിക്കാണ് അടുത്ത മാസം ആദ്യ വാരം തന്നെ റൂട്ട് മാറുമെന്നും ആഫ്രിക്കയിലേക് ഇനിയൊരു തിരിച്ചു പോക്കില്ലെന്നും അറിയുന്നത് .

പോവുന്നതാകട്ടെ പോർച്ചുഗലിലേക്കും . പോർച്ചുഗൽ എന്നു കേട്ടപ്പോൾ മനസിലേക്കാദ്യമായി വന്നത് നമ്മുടെ സ്വന്തം പറങ്കി മാങ്ങയാണ് . കുട്ടിയായിരിക്കുമ്പോൾ അമ്മച്ചന്റെ കൂടെ പറമ്പിലെ പറങ്കിമാവിന്റെ ചുവട്ടിലൂടെ മാങ്ങ പെറുക്കി നടന്ന കാലം , സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു സംസഥാന തല ക്വിസ് മത്സരത്തിൽ അവസാന റൗണ്ടിൽ വില്ലനായി വന്ന ഇസ്തിരി പെട്ടിയെയും മറക്കാനാവില്ല . ഇസ്തിരി എന്ന വാക്ക് മലയാളികൾ പറങ്കികളുടെ കയ്യിൽ നിന്നും കടമെടുത്തതാണെന്ന കാര്യം അന്നത്തെ എട്ടാം ക്ലാസുകാരനറിയില്ലായിരുന്നു .

ഇസ്തിരി മാത്രമല്ല ചായ ,ചാക്ക് ,മേശ മുതൽ തൊപ്പി ,തൂവാല ,വരാന്ത തുടങ്ങി എത്രയോ വാക്കുകൾക്ക് നമ്മൾ പോർചുഗലിനോട് നന്ദി പറയണം . കാപ്പാട് കടൽത്തീരം , വാസ്കോഡഗാമ , ക്രിസ്റ്റ്യാനോ റൊണാൾഡോ , കോളനി , കുരുമുളക് കച്ചവടം , ഗോവ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ മനസിലൂടെ മിന്നിമറഞ്ഞു . സാംസ്കാരികമായി അത്രയേറെ ആഴത്തിൽ മലയാളികളെ സ്വാധീനിച്ച വിദേശ രാജ്യമാണ് പോർച്ചുഗൽ . അങ്ങനെയൊക്കെയുള്ള സ്ഥലത്തേക്കാണ് അടുത്ത യാത്ര എന്നാലോചിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും കൂടെ കൗതുകവും തോന്നി .

ഈ കപ്പൽ ഇതിനു മുമ്പും പോർച്ചുഗൽ , കാനറി ദ്വീപുകൾ , മാൾട്ട ,സൈപ്രസ് ,ഇറ്റലി , ഗ്രീസ് തുടങ്ങി ധാരാളം യൂറോപ്യൻ രാജ്യങ്ങളിലേക്കു പോയിട്ടുണ്ട് . അവസാന രണ്ടു കൊല്ലമായി ആഫ്രിക്കയിലെ പടിഞ്ഞാറൻ രാജ്യങ്ങളിലൂടെ മാത്രമായിരുന്നു യാത്രകൾ. വളരെയധികം ശ്രമകരമായ ഡോക്യൂമെന്റഷൻ ആവശ്യമാണ് ഈ രാജ്യങ്ങളിൽ . ഓരോ ആഫ്രിക്കൻ പോർട്ടിലും നൂറു കണക്കിന് പേപ്പറുകൾ തയ്യാറാക്കി വെക്കണം . കസ്റ്റംസ് , ഇമ്മിഗ്രേഷൻ ,പോർട്ട്‌ ഹെൽത്ത്‌ ,പോർട്ട്‌ പോലീസ് ,പോർട്ട്‌ സ്റ്റേറ്റ് കണ്ട്രോൾ തുടങ്ങി കൃഷിവകുപ്പ് വരെ കപ്പലിൽ പരിശോധനക്കായി വരാറുണ്ട് .വളരെയധികം സങ്കീർണമായ നിയമ വ്യവസ്ഥകളാണ് ഈ രാജ്യങ്ങളിലൊക്കെയും . തത്കാലം കൂടുതൽ ആഫ്രിക്കൻ കഥകളിലേക്ക് കടക്കുന്നില്ല പിന്നീടൊരിക്കൽ വിശദമായി പറയാം .

സ്പെയിനിലെ തിരക്കേറിയ ദിവസങ്ങൾക്കു ശേഷം പോവുന്നത് പോർച്ചുഗലിന്റെ തലസ്ഥാന നഗരിയായ ലിസ്ബണിലെക്കാണ് . പോർചുഗലിലെ ഏറ്റവും വലിയ നഗരമാണ് ലിസ്ബൺ .യൂറോപ്പിന്റെ പടിഞ്ഞാറെ അറ്റത്തുള്ള തലസ്ഥാന നഗരിയും അറ്റ്ലാന്റിക് സമുദ്രതീരത്തുള്ള ഒരേയൊരു തലസ്ഥാന നഗരിയും കൂടിയാണ് ലിസ്ബൺ .പോർച്ചുഗൽ എന്നു കേട്ടപ്പോൾ മുതൽ ഇന്റെർനെറ്റിൽ അന്വേഷണം തുടങ്ങിയതാണ് ഞാനും കേഡറ്റ് ജോഷുവയും .

ജോഷുവ ദക്ഷിണാഫ്രിക്കക്കാരനാണ് .ആദ്യത്തെ കപ്പലാണ് ജോഷുവക്ക് ,അത് കൊണ്ട് തന്നെ കടൽ യാത്രകളോട് അമിതാവേശവുമാണ് . കപ്പലിൽ വന്നിട്ട് ആദ്യത്തെ ഒരു മാസക്കാലം പുറത്തെറങ്ങാൻ പറ്റാത്തതിന്റെ എല്ലാവിധ നിരാശകളും തീർക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം . കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ റൊമാനിയ , ഉക്രൈൻ , ബൾഗേറിയ എന്നിവിടങ്ങളിൽ ഇതിനു മുന്നേ ഞാൻ പോയിട്ടുള്ളതാണ് , എന്നാൽ യൂറോപ്പിന്റെ ഹൃദയമായ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാൻ ആദ്യമായാണ് അവസരം ലഭിക്കാൻ പോവുന്നത് .സ്പെയിനും പോർച്ചുഗലും അതിന്റെ ആദ്യ പടിയാണെന്നു തോന്നുന്നു , വരും കാലങ്ങളിൽ യൂറോപ്പിലെ മറ്റു പ്രധാന രാജ്യങ്ങളും നഗരങ്ങളും കാണാനാവുമെന്ന പ്രതീക്ഷയോടെ ലിസ്ബൺ ലക്ഷ്യമായി കപ്പൽ നീങ്ങി . ജിബ്രാൾട്ടർ കടലിടുക്ക് കഴിഞ്ഞാൽ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടക്കും .

ചൈനയെ പോലെയല്ല ഈ പ്രദേശം , യാതൊരു പ്രശനങ്ങളുമില്ല , ഫിഷിങ് ബോട്ടുകളെ ആണുദ്ദേശിച്ചത് . സ്പെയിനിന്റെയും പോർചുഗലിന്റെയും തീരം ചേർന്ന് തന്നെയാണ് യാത്ര . പ്രാചീന കാലം മുതലേ വളരെ പ്രധാനപ്പെട്ട ചരക്ക് പാതയായിരുന്നു ഇതെല്ലാം . ഏഷ്യയിൽ നിന്നും വടക്കേ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കപ്പലുകളെല്ലാം ഇതു വഴിയാണ് പോവുന്നത് . കാര്യമെന്തായാലും വളരെയധികം സുഖകരമായി നാവിഗേഷൻ ചെയ്യാവുന്ന പ്രദേശങ്ങൾ തന്നെയാണ് . ജോഷുവ ഈ മാസം എന്റെ കൂടെയാണ് ഡ്യൂട്ടിക്കുള്ളത് .

പണ്ടെങ്ങോ നെതെർലണ്ടിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ എത്തിയവരുടെ പിന്മുറക്കാനാണ് കക്ഷി . രാത്രിയിലെ സംഭാഷണങ്ങളിൽ മഹാത്മാ ഗാന്ധിയും നെൽസൺ മണ്ടേലയും ക്രിക്കറ്റും എല്ലാം കടന്നു വരുന്നത് സ്വാഭാവികമാണല്ലോ . ഒഴിവു സമയങ്ങളിൽ ലിസ്ബണിലെയും പോർട്ടോയിലെയും പ്രധാന സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആശാന്റെ ഇപ്പോഴത്തെ വിനോദം . ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ടാക്കിയയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് . മാസത്തിൽ 4 തവണ ലിസ്ബണിൽ കപ്പലടുക്കും . സ്പെയിനിൽ നിന്നും വടക്കോട്ട് പോവുമ്പോൾ ഒരുതവണ , അവിടെ നിന്നും പോർചുഗലിലെ മറ്റൊരു തുറമുഖ നഗരമായ ലൈക്ഷോയിസ്‌, വീണ്ടും ലിസ്ബൺ, പിന്നെ സ്പെയിനിലേക്ക് തന്നെ . 14 ദിവസം മതി ഒരു ഫുൾ ട്രിപ്പ്‌ കഴിയാൻ , ഇത്രയും ചെറിയ യാത്രകൾ ആദ്യമായാണ് ഞാൻ ചെയ്യുന്നത് .

കപ്പലിന്റെ മിനിമം ഇക്കണോമിക് സ്പീഡിലാണ് യാത്ര , ഏകദേശം 9-10 kts സ്പീഡ് . എല്ലാ കപ്പലുകളിലേത് പോലെയും കപ്പിത്താന്റെ കാപ്പി സന്ദർശനം ഇവിടെയുമുണ്ട് . റഷ്യയിൽ നിന്നുള്ള ദിമിത്രി ടോൾസ്റ്റിക് ആണ്‌ കപ്പിത്താൻ . സമാധാനപ്രിയനായൊരു മനുഷ്യൻ , പഴയ സോവിയറ്റ് നാവികനാണ് . പല കാര്യങ്ങൾ സംസാരിക്കവെ റഷ്യൻ വിപ്ലവവും ലെനിനും സ്റ്റാലിനും കമ്മ്യൂണിസവും സോവിയറ്റ് തകർച്ചയുമെല്ലാം കടന്നു വന്നു . കേരളത്തിലെ മുക്കിലും മൂലയിലും പാർട്ടി ഓഫീസുകളുണ്ടെന്നും ലെനിനും സ്റ്റാലിനും എല്ലാം ഇന്നും അവിടങ്ങളിലെ ചുവരുകളിലെ കാഴ്ചയാണെന്നതുമെല്ലാം വളരെയധികം കൗതുകത്തോടെയാണ് അദ്ദേഹം കേട്ടത് . കമ്മ്യൂണിസമാണെങ്കിലും ഫാസിസമാണെങ്കിലും മറ്റേതു ഇസമാണെങ്കിലും എനിക്കും എന്റെ കുടുംബത്തിനും ജീവിക്കാനുള്ള വക കിട്ടുന്നിടത്തോളം കാലം താൻ സന്തുഷ്ടനാണെന്നാണ് ആളുടെ വാദം .

പഴയൊരു ബോക്സിങ് കളിക്കാരൻ കൂടിയാണ് കക്ഷി . ജനിച്ചതും വളർന്നതുമെല്ലാം കസാകിസ്താനിലാണ് സോവിയറ്റ് തകർച്ചക്ക് ശേഷം പുതിയ റഷ്യയിലേക് മാതാപിതാക്കളുടെ കൂടെ പലായനം ചെയ്തതാണ് പിന്നീട് റഷ്യക്കാരനായി മാറിയെന്നു പറയാം .ഭാര്യയെയും മക്കളെയുമെല്ലാം കൂട്ടി വീണ്ടും തന്റെ ജന്മസ്ഥലത്തേക്കൊരു യാത്രയും അദ്ദേഹത്തിന്റെ മനസിലുണ്ട് . സമയം പോവുന്നതറിയില്ല ആളോട് സംസാരിച്ചിരിക്കുമ്പോൾ , പൊതുവെ കേൾക്കാറുള്ള റഷ്യൻ നാവികരുടെ സ്വഭാവ വിശേഷങ്ങൾക്ക് തീർത്തും അപവാദമാണ് ക്യാപ്റ്റൻ ദിമിത്രി . ബ്രിഡ്ജിൽ ആരും ഭക്ഷണ സാധനങ്ങൾ കൊണ്ട് വരാനോ അവിടെ നിന്നും കഴിക്കുന്നതോ ക്യാപ്റ്റനു ഇഷ്ടമല്ല . കാപ്പിയും ചായയുമെല്ലാം അനുവദനീയമാണ് . വേറെ യാതൊരു പിടിവാശിയുമില്ല .

ആഫ്രിക്കയിലെ മടുപ്പ് പിടിച്ച ദിവസങ്ങളുടെ പിടിയിൽ നിന്നും കപ്പലിലെ എല്ലാവരും മോചിതരായി കൊണ്ടിരിക്കുകയാണ് . മുഖത്തും പ്രവർത്തിയിലുമെല്ലാം അത് വ്യക്തമാണ് . എന്തൊക്കെയാണെങ്കിലും സ്വസ്ഥമായി പുറത്ത് പോവാലോയെന്ന വിചാരമാണെല്ലാവർക്കും . അധികൃതരുടെ കടും പിടിത്തമോ കണിശ്ശമായ പരിശോധനകളോ ഇനിയുണ്ടാവില്ലയെന്നത് ചെറിയ ആശ്വാസമൊന്നുമല്ല .

(തുടരട്ടെ അല്ലെ 😀 ) ©Sreyas Krishnakumar