പെട്ടന്നാണ് എന്റെ തോളിൽ ഒരു കൈ വന്നു വീണത് .നോക്കിയപ്പോൾ ഞങ്ങളുടെ ഗൈഡ് ആണ് ” ക്യാ ഭായി ” എന്നും ചോദിച്ചു പുള്ളി എന്നെ തപ്പി വന്നതാണ് .

ശാന്തിയും ,സമാധാനവും ,മോക്ഷവും ഒക്കെ തേടി ലക്ഷങ്ങൾ വന്നു ചേരുന്നിടമാണിത് .ഇന്ത്യ കാണാൻ ഇറങ്ങിയ ഞങ്ങൾ പത്തുപേര് ഒരു രുദ്രാക്ഷമരത്തിന്റെ ചുവട്ടിൽ ഇരുന്നു ഋഷികേശിലെ രുദ്രാക്ഷത്തിന്റെ അത്ഭുതാവഹമായ പ്രത്യേകതകൾ കേൾക്കുന്നു , ഏക മുഖി ,ദിമുഖി രുദ്രാക്ഷങ്ങളുടെ ഒക്കെ വ്യത്യാസവും പ്രത്യേകതകളും ഒക്കെ ഒരു ഗൈഡ് വിവരിക്കുന്നു .പെട്ടന്നാണ് എനിക്ക് ഒരു ബോധോദയം ഉണ്ടായത് ഇവിടെ ഇങ്ങനെ ഇരുന്നാൽ പറ്റില്ലല്ലോ ഈ കൂട്ടത്തിൽ നിന്നും ഒന്ന് ഒറ്റപ്പെട്ടു നടക്കണം കുറച്ചു ധ്യാനാത്മകമായ ഏകാന്തത അനുഭവിക്കണം ഇനി അഥവാ ഒരു വെളിപാട് ലഭിച്ചു ഒരു സന്യാസി ആയാലോ. നാട്ടീന്നും വീട്ടിന്നും ഒക്കെ കുറെ ആയി കേൾക്കുന്നു എന്താ നിന്റെ പരിപാടി സന്യാസി ആകാൻ ആണോ പ്ലാൻ എന്ന് .എന്നാൽ ആ വഴിക്കു ഒന്ന് നോക്കിയേക്കാം .

ഗൈഡ് ഞങ്ങളെയും നയിച്ച് കൊണ്ട് അടുത്ത രുദ്രാക്ഷമരത്തിന്റ ചുവട്ടിലേക്ക് നീങ്ങി . ഇതാണ് പറ്റിയ അവസരം എല്ലാവരും ഗൈഡിനെ പിന്തുടർന്ന് വലത്തോട്ടു നടന്നപ്പോൾ ഞാൻ മെല്ലെ ഇടത്തോട്ടു വെച്ച് പിടിച്ചു …

എങ്ങും ആത്മീയതയും സന്യാസിമാരും,ഗോക്കളും നിറഞ്ഞു ഒഴുകുന്ന ആ തെരുവിന്റെ തിരക്കിലൂടെ കാഴ്ചകൾ കണ്ട് ഫോട്ടോസ് ഒക്കെ എടുത്തു ഒറ്റയ്ക്ക് അങ്ങനെ നടന്നു .എല്ലാ മരത്തണലിലും സന്യാസവേഷം ധരിച്ചവർ ആണ്‌ പലതരത്തിൽ ഉള്ളവർ ,ചിലര് ഭക്ഷണം കഴിക്കുന്നു ,വസ്ത്രങ്ങൾ തുന്നുന്നു ,ചിലരാവട്ടെ ഈ ലോകത്തിന്റെ യാതൊന്നും തങ്ങളെ ബാധിക്കാത്ത പോലെ പുകച്ചുരുളുകളിൽ വിലയം പ്രാപിച്ചിരിക്കുന്നു ആഹാ …..

കുറച്ചു കറക്കം കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത് , തിരിച്ചു കൂടെ ഉള്ളവരുടെ അടുത്തേക്ക് പോകാൻ എനിക്ക് വഴിയറിയത്തില്ല , ക്യാമറബാഗിൽ ഫോൺ ഉണ്ടെന്ന ധൈര്യത്തിൽ ആണല്ലോ ഞാൻ സന്യാസി ആകാൻ പോയത് പക്ഷെ ഫോൺ എടുക്കാൻ മറന്നു പോയി , പേഴ്സും ഇല്ല ചുരുക്കത്തിൽ പറഞ്ഞാൽ ഞാൻ ഇപ്പോൾ എവിടെ ആണ് ഉള്ളതെന്ന് എനിക്കോ എന്റെ കൂടെയുള്ളവർക്കോ അറിയില്ല ഇനിയിപ്പോൾ ഒന്നും നോക്കാൻ ഇല്ല നടക്കുക തന്നെ .

കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ തെരുവിന്റെ അല്പം തിരക്ക് കുറഞ്ഞ ഭാഗത്തു എത്തി .ഒട്ടും തിരക്കില്ലാത്ത പല ദൈവങ്ങനെ നിരത്തി വെച്ച് വിൽക്കുന്ന ഒരു കടയുടെ മുന്നിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ വെറുതെ ഇരുന്നു.

ആരെങ്കിലും ചോദിച്ചാൽ ” എന്റെ കൂടെ വന്ന ഒൻപതു പേർക്കും വഴിതെറ്റിപ്പോയി സ്വാമി ” എന്ന് പറയാം എന്നും കരുതി അങ്ങനെ ഇരുന്നു .നല്ല വിശപ്പുണ്ട് വൈകുന്നേരത്തെ ചായയുടെ സമയം ആയി .പത്തു പൈസ ഇല്ല കയ്യിൽ എങ്ങനെയെങ്കിലും കൂടെയുള്ളവർ എന്നെ തപ്പികണ്ടുപിടിക്കാതെ ഇനിയിപ്പം ഒരു വഴിയും ഇല്ല ,അവരെന്നെ തപ്പി കണ്ടുപിടിക്കും എന്ന് എനിക്കുറപ്പാണ് കാരണം ഇതുവരെയുള്ള യാത്രയുടെ ഫോട്ടോസ് മുഴുവൻ എന്റെ കയ്യിൽ ആണ് .അതുകൊണ്ടു ധൈര്യം ആയിട്ടിരിക്കാം .

വലിയ ഒരു ഒച്ച കേട്ടുകൊണ്ട് നോക്കിയപ്പോൾ അടുത്തുള്ള ഒരു സ്‌കൂൾ വിട്ടതാണ് ,പിള്ളേരെല്ലാം കൂടെ ഓടി വരുന്നുണ്ട് .വരുന്നത് ഞാൻ ഇരുന്ന കടയുടെ തൊട്ടടുത്ത കടയിലേക്ക് ആണ് , അവിടെയും ദൈവങ്ങൾ ആണ് വില്പനക്ക് പിന്നെ കുറെ കൗതുക വസ്തുക്കളും , ” ചാച്ചാജി , ചാച്ചാജി ,” എന്നുറക്കെ വിളിച്ചു കൊണ്ട് പിള്ളേര് കടയുടെ മുന്നിൽ വന്നു ബഹളം കൂട്ടുന്നു , കടയുടെ ഉള്ളിൽ നിന്നും കയ്യിൽ ഒരു പാക്കെറ്റ് മുട്ടായിയും ആയി കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി ഇറങ്ങി വന്നു .എല്ലാവര്ക്കും മുട്ടായി വിതരണം ചെയ്തു ,തിരക്ക് കൂട്ടിയവരെ സ്നേഹത്തോടെ ശാസിച്ചു ,കൂട്ടത്തിൽ ചെറിയവർക്കു കൂടുതൽ കൊടുത്തു ,അവരോടു സ്നേഹത്തോടെ എന്തൊക്കെയോ പറഞ്ഞു ,ചിരിച്ചു .എല്ലാവര്ക്കും കിട്ടിക്കഴിഞ്ഞപ്പോൾ ,കൃത്രിമം ആയി ഉണ്ടാക്കിയ ദേഷ്യത്തോടെ അവരോടു ഓടാൻ പറഞ്ഞു .പിന്നെ വെളുക്കെ ചിരിച്ചു കൊണ്ട് കടയിലേക്ക് കയറി .

പെട്ടന്നാണ് എന്റെ തോളിൽ ഒരു കൈ വന്നു വീണത് .നോക്കിയപ്പോൾ ഞങ്ങളുടെ ഗൈഡ് ആണ് ” ക്യാ ഭായി ” എന്നും ചോദിച്ചു പുള്ളി എന്നെ തപ്പി വന്നതാണ് .ഞാൻ പുള്ളിയോട് ഈ സംഭവത്തെ പറ്റിചോദിച്ചു ഓ അത് ചാച്ചാജി അല്ലെ പുള്ളിക്കാരന് കുട്ടികളെ ഭയങ്കര ഇഷ്ട്ടം ആണ് പുള്ളിക്കാരൻ എന്നും സ്‌കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് മധുരപലഹാരങ്ങൾ ഇങ്ങനെ കൊടുക്കാറുണ്ട്. നിങ്ങൾ വാ നിങ്ങളുടെ കൂട്ടുകാർ അവിടെ കാത്തു നിൽക്കുന്നുണ്ട് .

ആ ഗൈഡിന് പുറകെ നടന്നപ്പോൾ ഞാൻ ചിന്തിച്ചത് എന്റെ സ്‌കൂൾ കാലത്തേകുറിച്ചാണ് 25 പൈസക്ക് പത്തു പൈസയുടെ മൂന്നു മുട്ടായി തരുന്ന മുട്ടുമനചേടത്തിയും , അമ്പതു പൈസക്ക് അഞ്ചു ഗോട്ടി തരേണ്ട സ്ഥാനത്തു ആറെണ്ണം തരുന്ന രാഘവൻ ചേട്ടനും , ഹൈസ്‌കൂളിൽ എത്തിയപ്പോൾ പൊറോട്ടക്ക് പെയിന്റ് അടിച്ചു തരുന്ന കൂട്ടത്തിൽ രണ്ടു ബീഫിന്റെ കഷ്ണം ഇട്ടു തരുന്ന കുഞ്ഞുണ്ണിയും , എന്ത് സാധനവും കടയിൽ കയറി ചോദിക്കാതെ എടുക്കാൻ അനുവാദം തരുന്ന കാദറാക്കയും ഒക്കെ ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടവർ ആയിരുന്നു . അപ്പോൾ എല്ലാ ദിവസവും കുട്ടികളെ കാത്തിരുന്നു അവർക്കു മധുരം കൊടുക്കുന്ന ഈ ചാച്ചജി ഈ മക്കൾക്ക്‌ എത്ര പ്രിയപ്പെട്ടവൻ ആയിരിക്കും .

എന്റെ വായിൽ കിടക്കുന്ന ചാച്ചാജി തന്ന മുട്ടായിക്ക് എന്തൊരു മധുരമാണെന്നോ ! ©Deepu Thomas