മിന്നാമിന്നിക്കാട് കാണാൻ പോയ കഥ


ചില ആഗ്രഹളുണ്ട് ജലദോഷപ്പനി പോലെ മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുന്നത്. വേനലിനൊടുവിൽ പുതുമഴ മണ്ണിനെ നനച്ചു തുടങ്ങുമ്പോൾ മിന്നാമിന്നിക്കടലാവുന്ന മഹാരാഷ്ട്രയിലെ ചില കാടുകളെക്കുറിച്ചുള്ള സ്വപ്നം എന്റെ ഉറക്കം കെടുത്തിത്തുടങ്ങിയത് മുത്തശ്ശിക്കഥ പോലെ ആ രംഗം ശ്രീ എന്നോട് പറഞ്ഞു തുടങ്ങിയതു മുതലാണ്. ഓരോ തവണയും പല കാരണങ്ങൾ കൊണ്ട് യാത്ര മുടങ്ങിയെങ്കിലും ഇത്തവണ പോയേ പറ്റൂ എന്ന വാശിയിലാണ് കൂടുതലൊന്നും ആലോചിക്കാതെ മുംബൈക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്.

മഴപോയിട്ടൊരു കുഞ്ഞുകാറ്റു പോലും വീശിയിട്ടില്ലെന്നു തോന്നിപ്പിക്കുന്നത്രയും ചൂടിലേക്കായിരുന്നു മുംബെയിലേക്ക് വന്നിറങ്ങിയത്. എങ്ങനെ കയറിപ്പറ്റിയെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവാത്ത താനെയിൽ നിന്നുംമുള്ള ട്രെയിനിന്റെ ലോണാവാലയിലേക്കുള്ള യാത്രയത്രയും കരിഞ്ഞുണങ്ങിക്കിടക്കുന്ന മലഞ്ചെരിവിൽ കൂടെയായിരുന്നു. നീണ്ടു നീണ്ടു കിടക്കുന്ന തുരങ്കങ്ങളിൽ ചൂടു കാരണം കൈയിലുള്ള വെള്ളം മുഴുവൻ തീർന്നപ്പേഴേ പച്ചപ്പും ഹരിതാഭേം പ്രതീക്ഷിച്ചുള്ള എന്റെ പോക്ക് വെറുതേ ആവുമെന്ന് ഏതാണ്ട് എനിക്കുറപ്പായി. ഹിന്ദി തോടാ തോടാ മാലൂം ആയതു കൊണ്ടും ഒട്ടും അറിയാത്ത സ്ഥലമായതുകൊണ്ടും ഒരു ഇവന്റ് ഗ്രൂപ്പിൽ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. ലോണാവാലയിലെത്തി ബാക്കിയുള്ള ഗ്രൂപ്പ് മെമ്പേർസിനെ കാത്തിരിക്കുമ്പോഴാണ് കൈയിലൊരു കുമ്പിൾ ഞാവൽ പഴവുമായി സെന്തിലിന്റെ വരവ്. ആളു തമിഴ് ആണെങ്കിലും മലയാളം നല്ല പച്ചവെള്ളം പോലെ സംസാരിക്കും. അത്രേം ഹിന്ദി വാലാ കൾക്കിടയിൽ അതൊരു ആശ്വാസം തന്നെയായിരുന്നു. എല്ലാ മെമ്പേർസും എത്തിച്ചേർന്ന് രാജ് മാച്ചി യിലേക്കുള്ള യാത്ര തുടങ്ങിയപ്പോഴേക്കും പറഞ്ഞതിൽ നിന്നും 2 മണിക്കൂർ വൈകിയിരുന്നു. മുംബൈ - പൂനെ ഹൈവേ, ഇന്ത്യയിലെ ക്ലാസ് ഡിവിഷൻ എത്രത്തോളം ഭീകരമാണെന്നറിയാൻ ആ വഴികളിലൂടെ ഒരു തവണ യാത്ര ചെയ്താൽ മതി. ഒരു റോഡിന്റെ ഒരു വശത്ത് കണ്ണാടി മാളികകളും പഞ്ചനക്ഷത്ര ഹോട്ടലുകളും, മറുവശത്ത് തകരഷീറ്റാൽ മറച്ച വീടെന്ന് വിളിക്കാൻ പോലും പറ്റാത്ത കുടിലുകളും...

കാട്ടിലൂടെ രാജ് മാച്ചി ഫോർട്ടിലേക്കൊരു ഫോർ വീൽ ഡ്രൈവ് എന്ന് ഇവന്റ് ഗ്രൂപ്പിൽ വായിച്ചപ്പോൾ നെല്ലിയാമ്പതിയോ
കുടജാദ്രിയോ പോലൊരു അനുഭവമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. അതിനു പകരം തെലുങ്കു സിനിമയിലെ വില്ലമ്മാരുടെ ടാറ്റ സുമോ ട്രെയിനുപോലൊരു വരവാണ് കിട്ടിയതെന്നു മാത്രം. ചുമന്ന മണ്ണ് കയറി മൂക്കടഞ്ഞു പോകുമോ എന്നു വരെ സംശയിച്ചു പോവുന്ന വിധം കരിഞ്ഞുണങ്ങിയ കാട്ടിലൂടെ പൊടിപറത്തി നിരനിരയായ് കുതിക്കുകയാണ് വണ്ടികൾ, അതിനിടയിൽ കണ്ണാണോ മൂക്കാണോ വായാണോ അടച്ചു പിടിക്കേണ്ടത് എന്നറിയാതെ കുഴഞ്ഞു പോയ ഞാനും…

പിടഞ്ഞാറൻ ചക്രവാളത്തിലേക്ക് സൂര്യൻ പടിയിറങ്ങാൻ തുടങ്ങി എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും കൊങ്കൺ മലനിരകളിലേക്ക് സൂര്യൻ മറഞ്ഞു മായുന്നത് അതി മനോഹരമായൊരു കാഴ്ചയായിരുന്നു. വണ്ടി നിർത്തി ആ കാഴ്ച ആസ്വദിക്കാനിറങ്ങി. കൂട്ടത്തിൽ എല്ലാരേം പരിചയപ്പെടാനും. ഇരുട്ടു വീണു തുടങ്ങി, വണ്ടിയിലേക്ക് തിരിച്ചു കയറാൻ തുടങ്ങിയതും ഗ്രൂപ്പ് ലീഡർ പറഞ്ഞു ഇനി വണ്ടിയിലല്ല നമ്മൾ ഫോർട്ട് വരെ നടക്കുകയാണ്.. എന്നിട്ട് ദൂരേക്ക് കൈ ചൂണ്ടി. ദൂരെ ഒരു പൊട്ടു പോലെ രാജ് മാച്ചി ഫോർട്ട് കാണാം.

ട്രെക്കിംഗ് ആണെന്നാണ് പേരെങ്കിലും നടത്തം മുഴുവൻ മൺ റോഡിലൂടെയായിരുന്നു. പോരാത്തതിന് ഓരോ വണ്ടി കടന്നു പോവുമ്പോഴും പൊടിയിൽ കുളിക്കുകയും ചെയ്യും! ശ്ശെടാ റോഡുണ്ടെങ്കിൽ പിന്നെ നടക്കണായിരുന്നോ അവിടം വരെയങ്ങ് വണ്ടീൽ പൊയ് ക്കൂടായായിരുന്നോ എന്ന് മനസ്സിൽ പറഞ്ഞതും എല്ലാരും കൂടെ Look at there എന്ന് ആർത്തു വിളിക്കുന്നത് കണ്ടത്. തിരിഞ്ഞു നോക്കിയതും എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ഒരു മരമാകെ LED ബൾബുകൾ കത്തുന്ന പോലെ മിന്നി മിന്നിയിരിക്കുന്നു. ആ ഒരൊറ്റ നിമിഷം കൊണ്ട് പൊടിയോ ചൂടോ നടത്തമോ ഒന്നും ഒരു വിഷയമേ അല്ലാതായി മാറി. മുന്നോട്ടുള്ള നടത്തത്തിൽ മരങ്ങളുടെ എണ്ണവും മിന്നാമിന്നികളുടെ എണ്ണവും കൂടി കൂടി വന്നു. ഒരു കാടാകെ മിന്നി മിന്നി പൂക്കുന്ന പോലെ സ്വപ്നം പോലൊരു അനുഭവം!

ആയുസ്സിന്റെ സിംഹഭാഗവും പുഴുവായും പ്യൂപ്പയായും മണ്ണിനടിയിൽ തപസ്സിരുന്നിട്ടൊടുവിലാണ് ഒരു മിന്നാമിനുങ്ങ് പുറം ലോകം കാണുന്നത്. ഹൃസ്വമെങ്കിലും അതിമനോഹരമായ കുറച്ചു ദിവസങ്ങളിലെ ജീവിതത്തിനുള്ളിൽ ഇണചേർന്ന് പുതിയ തലമുറയ്ക്കു വേണ്ടിയുള്ള മുട്ടകൾ മണ്ണിൽ നിക്ഷേപിച്ചതിനു ശേഷം അവ ജീവൻ വെടിയുന്നു. മിന്നാമിനുങ്ങുകളിൽ തന്നെ പല വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗവും മിനുങ്ങന്നത് ഒരോ പ്രത്യേക പാറ്റേണിലാണ്. ആ പാറ്റേൺ കണ്ടാണ് പെൺ മിന്നാമിനുങ്ങ് സ്വന്തം വിഭാഗത്തിലെ ഇണയെ തിരിച്ചറിയുന്നത്. ഇണയെ ആകർഷിക്കാനാണ് ബയോ ഇല്യുമ്നൻസ് എന്ന് നമ്മൾ പറയുന്ന സവിശേഷമായ ഈ തിളക്കം പ്രകൃതി അവയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. പൊതുവെ മിന്നാമിനുങ്ങുകളുടെ വയറിനടിയിലാണ് തിളങ്ങുന്ന അവയമുള്ളത്. ലൂസിഫെറിൻ എന്ന രാസവസ്തുവാന്ന് അവയെ തിളങ്ങാൻ സഹായിക്കുന്നത്. ഏറ്റവും രസകരമായ വസ്തുത എന്താണെന്നു വെച്ചാൽ തിളങ്ങാത്ത ചിലയിനം മിന്നാമിനുങ്ങുകളും ഈ ഭൂമിയിലുണ്ടത്രെ !!മിന്നാമിനുങ്ങുകളുടെ സ്വാഭാവിക ആവാസസ്ഥലങ്ങളാണ് സഹ്യപർവ്വതനിരകൾ. അവയുടെ പ്രജനനത്തിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയായതുകാരണമാണ് ഇത്രയുമധികം മിന്നാമിനുങ്ങകൾ ഇവിടെ കാണുന്നത്. മെയ് അവസാനം തൊട്ട് ജൂൺ ആദ്യം വരെയുള്ള കുറച്ച് ആഴ്ചകളാണ് സീസൺ. വേനലിനൊടുവിൽ ചെറിയ മഴ പെയ്തു തുടങ്ങുന്ന സമയമെന്നു പറയുന്നതാണ് ശരി. മഴ പെയ്യാൻ വൈകിയാൽ ലാർവകൾ ചൂടു കാരണം നശിച്ചുപോകും. കനത്ത മഴയാണെങ്കിൽ വിരിഞ്ഞിറങ്ങുന്ന മിന്നാമിന്നികൾ ചത്തുപോവുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ പ്രകൃതി കനിഞ്ഞാലേ ഈ കാഴ്ച നമുക്കാസ്വദിക്കാൻ കഴിയൂ എന്ന് സാരം. ഞങ്ങൾ പോയ രാജ് മാച്ചിയിൽ മാത്രമല്ല മുംബൈക്കടുത്തുള്ള മറ്റു ചില മലകളിലും മിന്നാമിന്നികളെ കാണാനാവും. പക്ഷേ അവയുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം കാരണം മിന്നാമിനുങ്ങുകളുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുകയാണെന്ന് മാത്രം!!

കാഴ്ചകളുടെ പൂരത്തിനൊടുവിലാണ് ബാഗിലുള്ള ക്യാമറയുടെ കാര്യമോർത്തത്. ചുമക്കുന്ന കാര്യമോർത്തപ്പോൾ മനപൂർവ്വം എടുക്കാൻ മറന്ന ട്രൈപോഡിന്റെ വില മിന്നാമിന്നിയെ പകർത്താൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത്. എത്രയൊക്കെ ശ്രമിച്ചിട്ടും അര മിനിറ്റു പോലും കൈ അനക്കാതെ വെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒടുവിൽ വഴിയിൽ കണ്ട കല്ലും വടിയുമൊക്കെ ട്രൈ പോഡാക്കി നോക്കി. എന്നിട്ടുപോലും ഫോക്കസ് ആയൊരു ചിത്രമോ നല്ലൊരു ഫ്രെയിമോ കിട്ടിയതേയില്ല. നിരാശയോടെ ക്യാമറ ബാഗിലേക്ക് തിരികെ വച്ചപ്പോൾ കണ്ണിലും ഹൃദയത്തിലും പതിഞ്ഞതൊന്നും ഒരിക്കലും മാഞ്ഞു പോവില്ലല്ലോ എന്ന് ഞാൻ സ്വയം പറഞ്ഞാശ്വസിപ്പിച്ചു.
(തിരികെ എത്തിയതിനു ശേഷം ലാപ് ടോപ്പിലേക്ക് പകർത്തുമ്പോഴാണ് കുറച്ചെങ്കിലും നല്ലത് എന്നു തോന്നിയ ഒന്നു രണ്ട് ചിത്രങ്ങൾ കണ്ടു കിട്ടിയത് ).

പത്ത് കിലോമീറ്ററോളം നീണ്ട നടത്തത്തിനൊടുവിൽ താഴ്വരയിലെ താമസസ്ഥലത്തെത്തി. വൈദ്യുതി ഇനിയും എത്തിയിട്ടില്ലാത്ത ആ ഗ്രാമത്തിൽ വളരെക്കുറച്ച് പേർ മാത്രമേ താമസിക്കുന്നുള്ളൂ. തകരഷീറ്റ് മേഞ്ഞ സോളാർ വിളക്കിന്റെ അരണ്ട വെളിച്ചം മാത്രമുള്ള അവിടെ ഞങ്ങൾക്കുള്ള ഭക്ഷണം തയ്യാറായിരുന്നു. നീണ്ട യാത്രയ്ക്കൊടുവിൽ വിശന്നു തളർന്നു വരുമ്പോൾ കിട്ടുന്ന ഭക്ഷണത്തിന് ലോകത്ത് മറ്റെവിടെയും കിട്ടാത്തൊരു സ്വാദായിരിക്കും. ഇത്രയും കാലമായിട്ടും കേരളത്തിന്റെ പുറത്തുള്ളൊരു രുചിയേയും സ്വീകരിക്കാൻ തയ്യാറാവാതിരുന്ന എന്റെ നാക്കിന് ആ ഭക്ഷണം അമൃതായിരുന്നു.
കിടക്കാൻ ഞങ്ങൾ മുപ്പതോളം പേർക്ക് 2 റൂമും നീണ്ട ഒരു വരാന്തയുമുണ്ടായിരുന്നു. റൂമിൽ ഫാനില്ലാത്തതു കാരണം നല്ല ചൂടാണ്. പുറത്ത് നല്ല കൊതുകും. നീണ്ട ആലോചനയ്ക്കൊടുവിൽ ചൂടിനേക്കാൾ ഭേദം കൊതുകാണെന്ന തീരുമാനത്തിലെത്തി. കൈയിലുള്ള സ്ലീപ്പിംഗ് ബാഗിലേക്ക് ചുരുണ്ട് കൂടി. അപ്പോഴും പുറത്ത് മരങ്ങളുടെ ചില്ലകൾ മിന്നിക്കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. അതു നോക്കി നോക്കി രാത്രിയെപ്പോഴോ പെയ്ത മഴയുടെ കൂടെ ഞാനും ഉറങ്ങിപ്പോയി. പുലർച്ചെ തന്നെ ടീം ലീഡർ എല്ലാരേം വിളിച്ചുണർത്തി. രാജ് മാച്ചി കോട്ടയുടെ മുകളിലേക്കൊരു ട്രെക്കിംഗ്. നേരം വെളുത്തപ്പോഴാണ് ഞങ്ങളാ കോട്ടയുടെ താഴെയാണ് കിടന്നുറങ്ങിയത് എന്നു മനസ്സിലായത്. ചെറിയ മൂടൽമഞ്ഞിന്റെ അകമ്പടിയോടെ അത്രയൊന്നും ഉയരമില്ലാത്ത ആ കോട്ടയിലേക്ക് ഞങ്ങൾ പടവുകൾ കയറിയെത്തി. മുകളിൽ നിന്നു നോക്കിയപ്പോൾ താഴെ അവിടവിടെയായി ചിതറിക്കിടക്കുന്ന ടെൻറുകൾ, നിറയെ ആൾക്കാർ ... ഇത്രയുമധികം പേർ ഇന്നലെ രാത്രി അവിടെ ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്. തിരിച്ചിറങ്ങി മുംബൈക്കാരുടെ ഔദ്യോഗിക പ്രഭാത ഭക്ഷണമായ പൊഹ കഴിച്ചോണ്ടിരിക്കുമ്പോഴാണ് തിരിച്ചു പോവാനുള്ള വണ്ടി ലോണാ വാലയിൽ നിന്നും പുറപ്പെട്ടിട്ടേയുള്ളൂ എന്ന് പറഞ്ഞത്. അപ്പോ പിന്നെ അതു വരേ എല്ലാർക്കും UNO കളിക്കാം എന്ന് ബാക്കിയുള്ളോർ പറഞ്ഞു. സംഭവം എന്താണെന്നറിഞ്ഞൂടെങ്കിലും ഞാനും കൂടി. കുറച്ച് കഴിഞ്ഞപ്പോഴേക്കും ടെക്നിക്ക് പിടി കിട്ടി. അവസാനത്തെ ഗെയിം ഞാൻ ജയിക്കുവേം ചെയ്തു. സ്കൂളിൽ ഹിന്ദി പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഹിന്ദി സിനിമകൾ Subtitle ഇട്ട് മാത്രം കാണുന്ന എനിക്ക് അവർ പറഞ്ഞതത്രയും മനസ്സിലായി എന്നു മനസ്സിലായപ്പോൾ സത്യം പറഞ്ഞാൽ അത്ഭുതമായിരുന്നു.

പൊടിക്കടലിലൂടെ ജീപ്പിൽ തിരികെ മടങ്ങുമ്പോൾ ജീവിതത്തിലിനിയൊരു പക്ഷേകാണാൻ ഇടയില്ലെങ്കിൽ കൂടെ ഒരുദിവസം കൊണ്ടു കിട്ടിയ സൗഹൃദങ്ങൾ മിസ് ചെയ്യുന്നുണ്ടായിരുന്നു. കാലു മുതൽ തലവരെ പൊടിമണ്ണിൽ കുളിച്ച് ചുമന്ന ബാഗും ഷൂസുമായി എയർപോർട്ടിൽ check in ചെയ്യാൻ നിൽക്കുമ്പോൾ എവിടെ നിന്നും വരുന്നു എന്ന ഭാവത്തിൽ ചിലർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവർക്കറിയില്ലല്ലോ ചില സ്വപ്നങ്ങൾ യാഥാർഥ്യമാവുന്നത് ഇങ്ങനെയൊക്കെയുമാണെന്ന്!!!

@Babi sarovar