2 പേർ ചേർന്ന് കാലുകൾ നീട്ടി പിടിക്കും. ചുവന്ന ഷർട്ട് ധരിച്ച ഒരാൾ പൂജാരി നൽകിയ വാൾ ഉപയോഗിച്ച് ഒറ്റ വെട്ട്. തല വേറെ. ഉടൽ വേറെ.

ജലദോഷവും ചുമയും പിടിപെട്ടത് കൊണ്ട് അല്പം വൈകിയാണ് ഇന്ന് പുറത്തിറങ്ങിയത്. കൊൽക്കത്തയിലെ അവസാന ദിവസമായ ഇന്ന് കാളിഘട്ടും വിക്ടോറിയ മെമ്മോറിയാലും ഒരു ട്രാം യാത്രയും ആണ് ഉദ്ദേശിച്ചിരുന്നത്. ഏകദേശം 11 മണിയോടെ പുറത്തിറങ്ങിയ ഞാൻ ചാന്ദ്നി ചൗക്കിൽ നിന്ന് മെട്രോയിൽ കയറി കാളിഘട്ടിലേക്ക് നീങ്ങി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മെട്രോ ആണ് കൊൽക്കത്തയിലേത്. മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൂമിക്ക് അടിയിലൂടെ ആണ് ഇവിടെ മെട്രോ പോകുന്നത്. നഗരത്തിലെ തിക്കിലും തിരക്കിലും നിന്ന് രക്ഷപെട്ട് യാത്ര ചെയ്യാൻ ഉള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗവും മെട്രോ ആണ്. കൂടാതെ മെട്രോ ഈടാക്കുന്ന ചാർജ്ജും വളരെ തുച്ഛമാണ്.
അങ്ങനെ ഞാൻ കാളിഘട്ട് മെട്രോ സ്റ്റേഷനിൽ ഇറങ്ങി കാളിഘട്ട് അമ്പലത്തിലേക്ക് വച്ച് പിടിച്ചു. വലിപ്പം കൊണ്ട് ഒരുപാട് വലുതല്ലെങ്കിലും ചരിത്ര പ്രാധാന്യം കൊണ്ട് വളരെ മുന്നിലാണ് കാളിഘട്ട് ക്ഷേത്രം. അവിടേക്ക് എത്തിച്ചേരുവാൻ ഒരുപാട് വഴികൾ ഉണ്ട്.പ്രധാന വഴിക്ക് ഇരുവശവും നിറയെ ചെറിയ കടകൾ ആണ്. പൂജാസാധാനങ്ങൾ വിൽക്കുന്നവ ആണ് അതിൽ ഏറ്റവും കൂടുതൽ. അമ്പലത്തിനോട് ചേർന്നുള്ള ഇത്തരം കടകളിൽ ഉള്ളവർ പൂജസാധാനകളും മറ്റും ബലമായി നമ്മളെ കൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിക്കും.
അതിന് വേണ്ടി നമ്മളുടെ ചെരുപ്പും ബാഗും എല്ലാം സൂക്ഷിക്കാൻ ഉള്ള സംവിധാനങ്ങളും അത്തരം കച്ചവടക്കാർ ഒരുക്കി തരും. വെറും കയ്യോടെ പോയാൽ കാളി കോപിക്കും എന്നാണ് അതിലെ ഒരു വിരുതൻ എന്നോട് പറഞ്ഞത്. എല്ലാവരെയും ഒഴിവാക്കി ഞാൻ അമ്പലത്തിന്റെ മതിൽകെട്ടിനകത്ത് കയറി.
അവിടെ ചെരുപ്പ് ഉപയോഗിക്കുന്നതിൽ കുഴപ്പം ഒന്നുമില്ല. എന്നാൽ അമ്പലത്തിന് ഉള്ളിൽ കയറാൻ ചെരുപ്പും ബാഗും മാറ്റിവക്കണം. അമ്പലത്തിന് ഉള്ളിൽ കയറാൻ നീണ്ട ക്യൂ ആണ്. അത് മതിൽകെട്ടും കടന്ന് പുറത്തേക്ക് നീണ്ടു. എല്ലാ ഗേറ്റുകളിലും ഇത് തന്നെ ആണ് അവസ്ഥ. അതിനാൽ ഞാൻ അകത്ത് കയറാൻ ശ്രമിച്ചില്ല. ചൊവ്വ ശനി ദിവസങ്ങളിൽ ആണ് ഏറ്റവും തിരക്ക് ഉണ്ടാകുക എന്ന് അന്വേഷിച്ചപ്പോൾ അറിയാനായി. ഇന്ന് ശനി ആയതിനാൽ ആണ് ഇത്ര തിരക്ക്. ഞാൻ മതിൽ കെട്ടിന് അകത്തെ കാഴ്ചകൾ കണ്ടു നടന്നു.
കാളിഘട്ടിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് മൃഗബലി. അതിനായുള്ള ആടുകളെ പലയിടങ്ങളിൽ ആയി കെട്ടിയിരിക്കുന്നത് കാണാം. എല്ലാം കറുത്ത ആടുകൾ ആണ്. അകത്ത് കടന്ന് ആദ്യം കണ്ടതും ബലി ചെയ്ത മൃഗങ്ങളെ മുറിച്ച് ചെറിയ കഷ്ണങ്ങൾ ആക്കുന്ന ഒരു ഒരിടമാണ്. അവിടെ ആളുകൾ തിക്കി തിരക്കി നിൽക്കുന്നു. ചിലർ അറുത്ത ആടിനെ കവറുകളിൽ ആക്കുന്നു. മതില്കെട്ടിന് അകത്ത് തന്നെ ആണ് ബലി നടത്തുന്ന സ്ഥലവും. ഞാൻ അങ്ങോട്ട് നീങ്ങി. അവിടെയും നല്ല തിരക്കാണ്. ഞാൻ ആളുകൾക്ക് ഇടയിലൂടെ ബലി ചെയുന്നിടത്തേക്ക് നുഴഞ്ഞ് കയറി.
ബലിനടത്തുന്നതിന് അപ്പുറത്ത് ഒരു പൂജാരി ഇരിക്കുന്നുണ്ട്. അയാൾ പൂജിച്ച് നൽകിയ വാൾ ഉപയോഗിച്ചാണ് ബലി നടത്തുന്നത്. അറുക്കാൻ ഉള്ള ആടിനെ കുളിപ്പിച്ച് തല 2 കമ്പികൾക്ക് ഇടയിൽ വച്ച് ലോക്ക് ചെയ്യും. 2 പേർ ചേർന്ന് കാലുകൾ നീട്ടി പിടിക്കും. ചുവന്ന ഷർട്ട് ധരിച്ച ഒരാൾ പൂജാരി നൽകിയ വാൾ ഉപയോഗിച്ച് ഒറ്റ വെട്ട്. തല വേറെ. ഉടൽ വേറെ.
അറുക്കുന്ന സമയത്ത്‌ വലിയ ശബ്ദത്തിൽ അവിടെ ഡോൽ വായിക്കും. അതിനിടയിൽ ആ മിണ്ടാപ്രാണിയുടെ ശബ്ദം പോലും കേൾക്കില്ല. അറുക്കാൻ ഉപയോഗിച്ച വാളിൽ പുരണ്ട രക്തം അറവുകാരൻ വഴിപാട് നടത്തിയ ആൾക്ക് നെറ്റിയിൽ തിലകമായി ചാർത്തി കൊടുക്കും. അറുത്ത ആടിനെ ഒരു ചെരുവത്തിൽ ആക്കി പുറത്തേക്ക് കൊണ്ട് പോകും.
അതിനെ മുറിച്ച് കഷ്ണം ആക്കി വഴിപാട് നടത്തിയവർക്ക് തന്നെ കൊടുത്ത് വിടും. അറവ് കഴിഞ്ഞ് ബാക്കി വരുന്ന മാസം ഭക്ഷിക്കാൻ ഒരുപാട് തെരുവ് നായ്ക്കൾ അവിടെ അലഞ്ഞു നടപ്പുണ്ട്. ബലി ചെയ്യാൻ ഉപയോഗിക്കുന്ന കല്ലിന് മുന്നിലും അവിടെ വന്നവർ ഭക്തിയോടെ തൊഴുതു നിൽക്കുന്നത് കണ്ടു. ചിലർ ബലികല്ലിൽ ബാക്കി വന്ന രക്തം എടുത്ത് കുറി വരക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്നവർ എന്നെ തടഞ്ഞു.
വളരെ ചെറിയ സമയം കൊണ്ടാണ് ഒരു ആടിനെ ബലി ചെയ്ത്, തൊലി കളഞ്ഞ് വൃത്തിയാക്കി, മുറിച്ച് വഴിപാടുകാർക്ക് കൊടുക്കുന്നത്. അത് ചെയ്യുന്നവരുടെ പാഠവം ചെറുതല്ല. അൽപസമയം കൂടി ഞാൻ ആ പ്രദേശത്ത് കറങ്ങി നടന്നു. കാഴ്ചകൾ കണ്ടു. അമ്പലത്തിന് സമീപം ഉള്ള അഴുക്ക് നിറഞ്ഞ ഒരു കനാലിൽ കുട്ടികൾ കുളിക്കുന്നുണ്ടായിരുന്നു.
കടകളിൽ തന്നെ ആണ് പല കച്ചവടക്കാരും അവരുടെ കുടുംബവും താമസിക്കുന്നത്. ഒരു ചായയും കുടിച്ച് ഞാൻ പുറത്തേക്ക് മെട്രോ ലക്ഷ്യമാക്കി നടന്നു. അടുത്തത് വിക്ടോറിയ മെമ്മോറിയൽ ആണ്.
മെട്രോ പിടിച്ച് മൈദാൻ സ്റ്റേഷനിൽ ഇറങ്ങി നടക്കണം. നടക്കുന്ന വഴിയിലുള്ള എല്ലിയോട്ട് പാർക്കിൽ കയറി അല്പനേരം വിശ്രമിച്ചു (Elliot park). പാർക്കിലെ മരച്ചുവടുകൾ എല്ലാം തന്നെ കമിതാക്കൾ സ്വന്തമാക്കിയിരുന്നു. പുൽത്തകിടിയിൽ കിടന്ന് ഒരു ചെറിയ മയക്കം കഴിഞ്ഞ ശേഷം ഞാൻ വിക്ടോറിയ മെമ്മോറിയലിലേക്ക് നടന്നു.
വിക്ടോറിയക്ക് പുറത്ത് സ്വർണ്ണ നിറമുള്ള വസ്ത്രം ധരിച്ച ഒരാൾ റോബോട്ടിക്‌സ് താളത്തിൽ നൃത്തം ചെയ്തിരുന്നു. കണ്ടു നിന്നവർ അയാൾക്കൊപ്പം നിന്ന് സെൽഫി എടുക്കാൻ മത്സരിച്ചു. 30 രൂപ ടിക്കറ്റെടുത്ത് ഞാൻ ഗേറ്റ് കടന്ന് അകത്ത് പ്രവേശിച്ചു.
ഗേറ്റിന് അകത്തുള്ള വഴി മുഴുവൻ ചെറിയ വെള്ളാരം കല്ലുകൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. ചുറ്റും വിശാലമായ പച്ച പുൽത്തകിടികളും ഉദ്ധ്യാനവും. അതിലെല്ലാം ആളുകൾ വിശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ മെമ്മോറിയൽ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. വെള്ള നിറമുള്ള മാർബിൾ പതിച്ച ഭീമാകാരനായ ഒരു കെട്ടിടമാണ് വിക്ടോറിയ മെമ്മോറിയൽ.
ബ്രിട്ടീഷ് രാഞ്ജി വിക്ടോറിയയുടെ സ്മരണയിൽ ആണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിലവിൽ അതൊരു മ്യൂസിയം ആയാണ് വർത്തിക്കുന്നത്. എന്നാൽ മൊത്തം കെട്ടിടത്തിന്റെ വളരെ ചെറിയ ഒരു ഭാഗമേ പൊതുജനത്തിനായി തുറന്ന് കൊടുത്തിട്ടുള്ളൂ. അകത്തളത്തിൽ വിക്ടോറിയ രാഞ്ജിയുടെ ഒരു പ്രതിമ കാണാം. യുദ്ധത്തിനായി ഉപയോഗിച്ചിരുന്ന പീരങ്കി അടക്കമുള്ള പല ആയുധങ്ങളും അകതളത്തിൽ കാണാം. മറ്റൊരു പ്രധാന ആകർഷണം ആണ് അകത്ത് കാണാനാകുന്ന കൊൽക്കത്ത ഗാലറി.
കൊൽക്കത്തയുടെ ചരിത്രവും വളർച്ചയും ബ്രിട്ടീഷ് അധിനിവേശവും എല്ലാം ചിത്രങ്ങളുടെയും വിവരണങ്ങളുടെയും സഹായത്തോടെ സന്ദർശകർക്കായി ഒരിക്കിയിട്ടുണ്ട്. കൂടാതെ മറ്റൊരു വശത്ത് പഴയകാല ഇന്ത്യയെ വരച്ചിട്ടിരിക്കുന്ന ഓയിൽ പെയ്‌ന്റിങ്ങുകൾ നിറഞ്ഞ ഒരു ഗാലറിയും ഉണ്ട്. അതെല്ലാം കണ്ടും വായിച്ചും അറിഞ്ഞ് ഞാൻ പുറത്തിറങ്ങി.
ഇനി ആകെ ബാക്കിയുള്ളത് ഒരു ട്രാം യാത്രയാണ്. കിദ്രിപൂരിൽ നിന്നുമുള്ള ട്രാം യാത്ര വളരെ ഭംഗിയുള്ള ഒന്നാണെന്ന് കേട്ടിരുന്നു. അത് അനുഭവിക്കാനായി നേരെ കിദ്രിപൂരിലേക്ക് നടന്നു. അവിടെ നിന്ന് ട്രാം കയറി. ഞാൻ താമസിക്കുന്നതിന് അടുത്തുള്ള എസ്പ്ലെനെഡ് എന്ന സ്ഥലത്തേക്ക് ആണ് ടിക്കറ്റ് എടുത്തത്. ഇരു വശങ്ങളിലും മരങ്ങൾ വളർന്ന് നിൽക്കുന്ന മനോഹരമായ പാതയിലൂടെ ആണ് ട്രാം ഓടിയത്. വളരെ ചെറിയ നേരത്തെ ഒരു യാത്ര. എസ്പ്ലെനെഡിൽ നിന്ന് ഒരു ചിക്കൻ റോളും വാങ്ങി കഴിച്ച് ഞാൻ റൂമിലേക്ക് തിരിച്ചെത്തി.
കൊൽക്കത്തയോട് വിട പറയാൻ സമയമായിരിക്കുന്നു. കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം ഓർമകളാക്കി അടുത്ത ലക്ഷ്യത്തിലേക്ക്. ഇന്ന് രാത്രി 9.55 ന് ആണ് അടുത്ത ട്രെയിൻ. നോർത്ത് ഈസ്റ്റിലേക്ക്. രമ്യയും ഉണ്ട് കൂടെ. ദാസൻ അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ട്.©Deeraj K Rajaram