കോവിഡ് വരാതിരിക്കാൻ നഴ്‌സുമാർ എടുക്കേണ്ട25മുൻകരുതലുകൾ

covid 25 tips
covid

1.  ജോലിസ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ചുറ്റും ഉള്ള എല്ലാവർക്കും കോവിഡ് ഉണ്ട് എന്ന് സങ്കല്പിക്കുക, അതനുസരിച്ച് മുൻകരുതലുകൾ എടുക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് വേണ്ടത്.

2. കോവിഡ് ബാധ ഉള്ളവർ എല്ലാവർക്കും പനിയും ചുമയും കാണണമെന്നില്ല. നല്ല ഒരു പങ്ക് കോവിഡ് രോഗികൾക്കും ലക്ഷണങ്ങൾ തുടക്കത്തിൽ ഒന്നും തന്നെ ഉണ്ടാവില്ല. അതു കൊണ്ട് ആളെ കണ്ടാൽ കുഴപ്പമില്ല എന്നു തോന്നിയാലും മുൻകരുതലുകൾ കുറയ്ക്കരുത്.

3.  ആരുമായും ഹസ്തദാനം ചെയ്യരുത്. കാരണം, ഒരാളിൽ രോഗമില്ല എന്ന് അറിയാൻ എളുപ്പമല്ല. അതു കൊണ്ട് സഹപ്രവർത്തകരായാലും സോഷ്യൽ distancing നില നിർത്തുക. അത്‌ അവരിൽ നിന്നും നമ്മളെയും, നമ്മളിൽ നിന്ന് അവരെയും സംരക്ഷിക്കും.

4. സ്വന്തം കൈവിരലുകൾ മുഖത്തിനടുത്തേക്കു പോലും എത്താതിരിക്കാൻ ശ്രദ്ധിക്കുക, സഹപ്രവർത്തകർ ഇങ്ങനെ  ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടാൽ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കുക.

5. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഇട്ട് 20 സെക്കൻഡ്‌ നേരം കഴുകുക. Gloves ഇടുന്നതിനു മുൻപും മാറ്റിയ ശേഷവും കൈ കഴുകേണ്ടതാണ്. വിരൽത്തുമ്പുകൾ പരമാവധി ശുചിയായി സൂക്ഷിക്കുക.

6. SARS Cov 2 വൈറസ് സോപ്പ് ഇട്ടു പതപ്പിച്ചാൽ തൽക്ഷണം നശിച്ചു പോകും എന്നത് വളരെ പ്രധാനപ്പെട്ട അറിവാണ്. അൽക്കോഹോൾ ബേസ്ഡ് സെന്സിറ്റീസെർ   ഇല്ലാതെ തന്നെ എളുപ്പത്തിൽ ഇതിനെ നശിപ്പിക്കാൻ സാധിക്കും.

7. ആൾക്കാർ തിങ്ങി നിൽക്കുന്ന സ്ഥലങ്ങളിൽ ഈ വൈറസ് അതിവേഗം പടർന്നു പിടിക്കും. അതിനാൽ ആൾക്കൂട്ടത്തിൽ പെടാതെ ശ്രദ്ധിക്കുക. ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലും ഇതു തന്നെയാണ്.

അമേരിക്കയിലെ വാഷിംഗ്‌ടൺ സ്റ്റേറ്റിലെ ഒരു പള്ളിയിൽ choir പാടാൻ പോയ നല്ല ആരോഗ്യമുള്ള 60 പേരിൽ 45 പേർക്ക് മൂന്നാഴ്ചയ്ക്കകം കോവിഡ് ബാധയുണ്ടായത് ഈ വൈറസിന്റെ അപാരമായ വ്യാപന ശേഷിയുടെ നിഷേധിക്കാനാവാത്ത തെളിവാണ് .

8. ലിഫ്റ്റ് പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ചും തിരക്കുള്ളപ്പോൾ. അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഡ്രോപ്‌ലെറ്സ് ശ്വസിക്കാൻ സാധ്യത ഏറെയാണ്. ലിഫ്‌റ്റിന്റെ ബട്ടണുകളിൽ പലരും വിരൽ അമർത്തിയതു മൂലമുള്ള മാലിന്യവും രോഗാണുക്കളും ഉണ്ടാവാം.

9. ആശുപത്രിയിൽ പനി, ചുമ മുതായലവ ചികിത്സിക്കുന്ന ഇടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്നവർ സ്ഥാപനത്തിലെ  മറ്റു സ്ഥലങ്ങളിൽ അധികം പോകാൻ  ഇടയാക്കാത്ത വിധം ക്രമീകരണങ്ങൾ വേണ്ടതാണ്. ഈ ലക്ഷണങ്ങളുള്ള രോഗികളും ആശുപത്രിയിൽ അലഞ്ഞു തിരിയാതെ നോക്കേണ്ടതാണ് . വൈറസിന്റെ വ്യാപനം തടയുന്ന പ്രധാനപ്പെട്ട ഒരു നിയന്ത്രണമാണിത്.

10. അവരവർക്ക് പനി, ചുമ, ജലദോഷം ഇവയുണ്ടെങ്കിൽ  ജോലിക്കു പോകാതെ വീട്ടിലിരിക്കുക. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനാണിത്‌.

11. രോഗികൾ യാത്രാ  വിവരം മറച്ചു വയ്ക്കുന്നത് പതിവാണ്, അതിനാൽ എല്ലാവർക്കും രോഗ സാധ്യത ഉണ്ട് എന്ന ഊഹത്തിൽ വേണം ഇടപെടാൻ. അല്ലാതെ ഇറ്റലിയിൽ നിന്നും, അല്ലെങ്കിൽ ചൈനയിൽ നിന്നും ഉള്ള ആരുമായും സമ്പർക്കമില്ല എന്നും മറ്റും  പറയുന്നതിന് യാതൊരു വിലയും ഇപ്പോഴില്ല. അവനവൻ സൂക്ഷിച്ചാൽ അവനവനും കുടുംബത്തിനും നല്ലത്.

12. കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ നെപ്പറ്റി ഔദ്യോഗിക വിജ്ഞാപനം ഉണ്ടായാലും ഇല്ലെങ്കിലും രോഗബാധിതർ നിരവധി പേർ നമ്മുടെ പൊതു സമൂഹത്തിലുണ്ട് എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇവരുടെ സംഖ്യ നാമറിയാതെ കൂടിക്കൊണ്ടേയിരിക്കും. ഇവരെ diagnose ചെയ്യാൻ നിലവിൽ മാർഗ്ഗമില്ലാത്തതു കൊണ്ടു മാത്രമാണ് ടീവി യിൽ കാണുന്ന രോഗികളുടെ എണ്ണം കുറവായി തോന്നുന്നത്.

13. PPE (personal protective equipment) നിഷ്‌കർഷിച്ചിട്ടുള്ള ഇടങ്ങളിൽ  അതില്ലാതെ രോഗിയെ പരിചരിക്കരുത്. ഓരോ സാഹചര്യങ്ങളിലും ഉള്ള വ്യത്യസ്തമായ മാനദണ്ഡങ്ങൾ, കൃത്യമായ നിർദേശപ്രകാരം പാലിക്കുക.

ഉദാഹരണത്തിന് intubation, tracheal suction മുതലായ aerosol ഉല്പാദിപ്പിക്കപ്പെടുന്ന procedures ചെയുമ്പോൾ, OP-യിൽ രോഗിയെ കാണുമ്പോൾ എടുക്കുന്നതിനേക്കാൾ കൂടുതൽ മുൻകരുതൽ വേണ്ടാതാകുന്നു. ഇതിനുള്ള guidelines, Ministry of Health and Family welfare (MOHFW) Govt of India പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

MOHFW രണ്ടു തരം മാസ്കുകളാണ് നിർദ്ദേശിക്കുന്നത്: N95- ഉം triple layer surgical മാസ്കും. ലോകമെമ്പാടും PPE യുടെ ദൗർലഭ്യം ഒരു പ്രശ്നമായിക്കഴിഞ്ഞു. ഇതിന് ഒരു പോംവഴിയെന്നോണം നിർമ്മിച്ച തുണി കൊണ്ടുള്ള മാസ്ക്, എന്നാൽ ആരോഗ്യപ്രവർത്തകർക്ക് ഔദ്യോഗികമായി ഇനിയും നിർദേശിക്കപ്പെട്ടിട്ടില്ല.

14. രോഗികളുടെ തിരക്കുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ ഇപ്പോഴത്തെ മാനദണ്ഡമനുസരിച്ച് സർജിക്കൽ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.

15. മാസ്‌ക് ഉപയോഗിക്കുന്ന വിധം വിവരിക്കുന്ന MOHFW-AIIMS ട്രെയിനിങ് വീഡിയോകൾ കണ്ട് കൃത്യമായി തന്നെ ചെയ്യുക. തെറ്റിപ്പോയാൽ infection വരാനുള്ള risk കൂടുകയേ ഉള്ളൂ. മാസ്കിൻറെ നിറമുള്ള ഭാഗം പുറത്തു കാണണം; അവിടെ കൈ കൊണ്ട് പിന്നെ തൊടാൻ പാടുള്ളതല്ല. മാസ്‌ക് എടുത്തു മാറ്റുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

16. ഹാൻഡ്‌വാഷിങ്  ചെയ്യുമ്പോൾ കൃത്യമായി സ്‌റ്റെപ് തെറ്റാതെ ചെയ്യുക.

17. ജോലി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപ് മാസ്‌ക് , ഗ്ലവ് മുതലായവ അതാതു ബിന്നുകളിൽ നിക്ഷേപിക്കുക. യാതൊരു കാരണവശാലും  ഇവ പോക്കറ്റിലോ ഹാൻഡ്ബാഗിലോ സൂക്ഷിക്കരുത്. അതു പോലെ തന്നെ പേന, കത്രിക, spectacles  മുതലായവ സെന്സിറ്റീസെർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് ഡിസൈൻഫെക്ട് ചെയ്യുക.

18. മൊബൈൽ ഫോൺ രോഗാണുക്കളുടെ കലവറ ആകാറുണ്ട്, അതിനാൽ ദിവസത്തിൽ ഒരിക്കലെങ്കിലും സാനിറ്റിസറോ, അല്പം സോപ്പ് മയമുള്ള, വളരെ നേരിയ നനവുള്ള തുണിയോ റ്റിഷ്യൂവോ വച്ച് തുടയ്ക്കുക.

19. ഡ്യൂട്ടിയിൽ ഇരുന്നപ്പോൾ ഇട്ടിരുന്ന യൂണിഫോം ധരിച്ച് ആശുപത്രിക്കു പുറത്തേക്ക് യാത്ര ചെയ്യുന്നത് പല കാരണങ്ങൾ കൊണ്ടും അഭികാമ്യമല്ല.

20. വീട്ടിൽ എത്തിയാൽ ഉടൻ തന്നെ ആദ്യം കൈ സോപ്പിട്ടു കഴുകുകയും, കുളിക്കുകയും വേണം.  കുളിക്കുമ്പോൾ തലമുടിയിൽ അല്പം ഷാംപൂവോ സോപ്പോ ഇട്ടു കഴുകുന്നത് മുടിയിൽ പറ്റിയിരിക്കുന്ന ഡ്രോപ്‌ലെറ്സ്  ആദ്യം തന്നെ ഒലിച്ചു പോകാൻ ഉപകരിക്കും.

21. ആശുപത്രിയിൽ വച്ച് ധരിച്ച വസ്ത്രങ്ങൾ (യൂണിഫോം ആൻഡ് ക്യാഷുൽ ഡ്രസ്സ്)  വീട്ടിൽ കൊണ്ടു വന്നു സാധാരണ സോപ്പുപയോഗിച്ചു കഴുകി ഉണക്കിയാൽ പിന്നെ അതിൽ വൈറസ്സിന്റെ പൊടി പോലും പിന്നീടുണ്ടാവുകയില്ല.

22. വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് കോവിഡ് വരുമോ എന്ന് ആശങ്കയുണ്ടെങ്കിൽ അവരെ സാവകാശം പറഞ്ഞു മനസിലാക്കുക. കൃത്യമായ നിർദേശങ്ങൾ പാലിച്ചാൽ കോവിഡ് പകരുകയില്ല എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

 23. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം പിന്നീട് കോവിഡ് ചികിത്സാകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടാൽ വേണ്ടി വന്നേക്കാവുന്ന നടപടിക്രമങ്ങൾ ഇപ്പോൾ തന്നെ ചർച്ച ചെയ്തു തുടങ്ങുക. അപര്യാപ്തതകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഇപ്പോൾ കിട്ടുന്ന സാവകാശം പിന്നീട് കിട്ടണം എന്നില്ല.

 24. വിദേശരാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധ ധാരാളം ഉണ്ടായിട്ടുണ്ട്, പലരും മരണപ്പെട്ടിട്ടുമുണ്ട്. എന്നാൽ അവരിൽ ചിലരെങ്കിലും കോവിഡ് സ്ഥലത്തെത്തിയിട്ടുണ്ട് എന്നറിയാതെയോ, അല്ലെങ്കിൽ മാനദണ്ഡങ്ങൾ പാലിക്കാതെയോ പ്രവർത്തിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

25. അതിനാൽ,  കേട്ടാൽ സിമ്പിളാണെങ്കിലും വളരെ പവർഫുൾ ആണ് മേൽപ്പറഞ്ഞ മുൻകരുതലുകൾ എന്ന് തിരിച്ചറിയുക, മറ്റുള്ളവർക്ക് നിർബന്ധമായും ഈ അറിവുകൾ പകർന്നു കൊടുക്കുക, ചർച്ചകൾ നടത്തുക.

PS. ഇവിടെപ്പറഞ്ഞ മിക്ക കാര്യങ്ങളും കോവിഡ് രംഗത്തെത്തുന്നതിനു വളരെ മുൻപു തന്നെ പ്രാബല്യത്തിൽ വന്ന  സ്റ്റാൻഡേർഡ് (യൂണിവേഴ്സൽ) പ്രീക്യൂഷൻസ്, അഥവാ ആരോഗ്യപ്രവർത്തകർ എക്കാലവും പാലിക്കേണ്ട ശീലങ്ങളാണ്. കോവിഡ് എത്തിയപ്പോൾ ഭയം മൂലം പലരും ഇവ ഓർത്തെടുത്തു എന്നു മാത്രം

ഡോ. രാജീവ് ജയദേവൻ