രാജ്യങ്ങളുടെയോ ഭൂപ്രകൃതികളുടെയോ അതിർവരമ്പുകളില്ലാതെ അവരെങ്ങനെ മൃഗങ്ങളെ വളർത്താൻ സഞ്ചരിക്കും

രാവിലെ നാലുമണിക്ക് തന്നെ ഉണർന്നു കൊതുകുകൾ ഉണർത്തി എന്ന് പറയുന്നതാവും ശരി 5 മണി ആയപ്പോഴേക്കും പെട്ടികെട്ടി ഞാൻ റെഡി.  മസായി മാറാ… മസായി മാറാ എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. 6.30  ആയപ്പോഴേക്കും അലക്സ്‌ എത്തി. ടൗണിലേക്കുള്ള യാത്ര ആരംഭിച്ചു.  30 മിനിറ്റ് യാത്ര. ട്രാഫിക് കാരണം ഒന്നര മണിക്കൂറെടുത്തു.  നെയ്റോബി നഗരഹൃദയത്തിൽ നിന്ന് മറ്റു നാല് രാജ്യക്കാർക്കോപ്പം മസായി മാറയിലേക്ക്.    വളരെ നല്ല റോഡുകൾ, ടൗൺ വിട്ടു കഴിഞ്ഞപ്പോൾ നിറഞ്ഞ പച്ചപ്പുള്ള ഭൂപ്രകൃതി,  വലിയ കുന്നുകൾ ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളംകാണാം.   പ്രശസ്തമായ ഗ്രേറ്റ് റിഫ്റ്റ് വാലി എത്തിയപ്പോൾ വണ്ടി നിർത്തി കാഴ്ചകൾ കാണാൻ ഇറങ്ങി.  ചിലിയിൽ നിന്നുള്ള സെബാസ്റ്റ്യനും,   തുർക്കിയിൽ നിന്നുള്ള ജർഫിയും ,  സ്വിറ്റ്സർലണ്ടിൽ നിന്നുള്ള മരിയയും,  ഒരു കുടുംബം പോലെ ആവാൻ അധികനേരം വേണ്ടിവന്നില്ല. 

ആ രാജ്യങ്ങളിലെ പ്രത്യേകതകൾ ചോദിച്ചു കുശലം പറഞ്ഞിരുന്നു,  ഇന്ത്യയെക്കുറിച്ച് ഞാനും അല്പം തള്ളി മറിച്ചു…  അല്ല പിന്നെ.   നാലു മണിയായപ്പോൾ മസായി മാറയിലേക്കുള്ള കാട്ടു വഴികളിലേക്ക് വണ്ടി തിരിഞ്ഞു പിന്നെ ഒരു മണിക്കൂർ,  സീറ്റിലും ആകാശത്തിലും അല്ലാതെ ഒരു യാത്ര… റോഡ് ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഇല്ല എന്ന് പറയാനും വയ്യ,  എവിടെയെന്ന് ചോദിച്ചാൽ കാണിച്ചു കൊടുക്കാനും ഇല്ല.   ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ പാർക്ക് ആണ് മസായി മാറാ,  മസായി ഗോത്രത്തിന്റെ പേരിലറിയപ്പെടുന്ന സ്ഥലം. 1961 സ്ഥാപിതമായ,  3, 71, 200 ഏക്കറുകളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന സ്ഥലം.  Big five ( സിംഹം,  പുലി,  ആന,  കണ്ടാമൃഗം,  കാട്ടുപോത്ത്) നെ കാണുക എന്നുള്ളതാണ് ഈ ഉദ്യാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.   ഉറച്ച ശരീരമുള്ള, മസായികൾ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന സുന്ദര കാഴ്ചകൾ കൾ.  അവരുടെ ഭക്ഷണത്തെക്കുറിച്ച് ഗൈഡ് വാതോരാതെ സംസാരിച്ചു,  രാവിലെ കാളക്കൂറ്റന്റെ കഴുത്തിലേക്ക് അമ്പെയ്തു ചോര പാത്രത്തിൽ ശേഖരിച്ചു കൂട്ടത്തോടെ കുടിക്കും,  അതിനുശേഷം മുറിവ് മണ്ണു വെച്ച് അടയ്ക്കുമത്രേ. ഒരു രാജ്യത്തിൽ ഒതുങ്ങാതെ,  രാജ്യങ്ങളുടെയോ ഭൂപ്രകൃതികളുടെയോ അതിർവരമ്പുകളില്ലാതെ അവരെങ്ങനെ മൃഗങ്ങളെ വളർത്താൻ സഞ്ചരിക്കും. കന്നുകാലികൾക്കുള്ള ഭക്ഷണം തേടിയുള്ള യാത്ര,  അവരെ ഒരു നാടോടി കൂട്ടം ആക്കി മാറ്റിയിരിക്കുന്നു. അവർ വളർത്തുന്ന വളർത്തുമൃഗങ്ങളുടെ, ഇടയിൽ പുല്ലു തിന്ന്, മാനും കാട്ടുപോത്തും വരയൻ കുതിരകളും ഒക്കെ…….എത്ര സുന്ദര കാഴ്ചകൾ…   ക്യാമ്പിൽ എത്താറായതും മഴ തുടങ്ങി,  മനസ്സുരുകി പ്രാർത്ഥിച്ചതുകൊണ്ടാവാം അല്പം കഴിഞ്ഞപ്പോൾ മഴ നിന്നു,  മാനം തെളിഞ്ഞു.    മസായി മാറയുടെ പ്രധാന കവാടം കടന്ന് ഉള്ളിലോട്ടു ചെല്ലുന്തോറും ഒരു മായാലോകത്തൊ,  ജുറാസിക് പാർക്കിലോ എത്തിയ അവസ്ഥ.   നീണ്ടു പരന്നു കിടക്കുന്ന ആഫ്രിക്കൻ സവാനകളിൽ കണ്ണെത്താദൂരത്തോളം മൃഗങ്ങൾ കൂട്ടമായി മേഞ്ഞു നടക്കുന്നു.   സിംഹവും,  ആനയും,  വരയൻകുതിരകളും,   കാട്ടുപോത്തുകളും, മാനുകളും വലിയ അകലത്തിൽ അല്ലാതെ മേഞ്ഞു നടക്കുന്നു.  അവ ആവശ്യത്തിനല്ലാതെ ആരെയും കൊല്ലാറില്ലല്ലോ,   കൂട്ടത്തോടെ കിടന്ന സിംഹ കുഞ്ഞുങ്ങളും,  കുടുംബവും ആയിരുന്നു ഏറ്റവും നല്ല കാഴ്ച.  അമ്മയുടെ മാറിൽ മുട്ടിയുരുമ്മി,  മറ്റുള്ളവരെ തട്ടിയുരുമ്മി അവരെങ്ങനെ വണ്ടിയുടെ അടുത്ത് കിടക്കുന്നു.

സിംഹ രാജൻ അല്പം മാറി ഗൗരവത്തോടെ കിടക്കുന്നു.   കൂട്ടിൽ മനുഷ്യരും മൃഗങ്ങൾ പുറത്തും എന്ന അവസ്ഥ( കയ്യിലിരിപ്പ് വച്ച് അങ്ങനെ തന്നെയാണ് വേണ്ടതും )  നേരം ഇരുട്ടി തുടങ്ങിയപ്പോൾ കാഴ്ചകൾ മങ്ങി തുടങ്ങി,  എങ്കിലും ഗൈഡ്,  ദൂരേക്കണ്ട കാട്ടാനക്കൂട്ടത്തിനടുത്തേക്ക് കൊണ്ടുപോയി.  ചെറുതും വലുതുമായ പത്തു മുപ്പത്തൻച്ചണ്ണം.

  ആഫ്രിക്കൻ ആനകളുടെ വലിപ്പം കണ്ട് അതിശയിച്ചു.    ആറരയ്ക്ക് മെയിൻ ഗേറ്റിനു വെളിയിൽ വരേണ്ടതിനാൽ കാഴ്ചകൾ പകുതിയാക്കി ക്യാമ്പിലേക്ക്.  അന്ന് രാത്രി വൈകുവോളം ക്യാമ്പിലെ ഡാൻസും പാട്ടും ആവോളം ആസ്വദിച്ചു. കരീബിയൻ ധൃതതാളങ്ങൾക്കൊപ്പം എല്ലാവരും ചടുല നൃത്തം ചെയ്തപ്പോൾ, ഞാൻ മാങ്ങാ പറി,  ചെളി കുത്തുമായി വിട്ടു കൊടുക്കാതെ പിടിച്ചുനിന്നു.   രാവിലത്തെ കാഴ്ച കാണാൻ അതിരാവിലെ,  പോകാനുള്ളതിനാൽ രണ്ടു മണിക്ക് കിടന്നുറങ്ങി.
ചിത്രങ്ങളും വിവരണവും : സുനിൽ