മലമുകളിലെ ഒരു കൃഷ്ണ ക്ഷേത്രം.

ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം————————————————–
മുന്നൊരുക്കങ്ങളൊന്നും ഇല്ലാത്ത ഒരു യാത്ര. ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ഞങ്ങൾ കാറുമെടുത്ത് ഇറങ്ങി. എങ്ങോട്ടെന്നോ എത്ര ദിവസമെന്നോ ഒന്നും തിട്ടപ്പെടുത്തിയിട്ടില്ല. ഗുണ്ടൽപേട്ട് വഴി മൈസൂർ പിടിക്കാമെന്ന് വഴി മദ്ധ്യേ ധാരണയായി. 160 ഓളം കിലോമീറ്റർ പിന്നിട്ട് ഏകദേശം 10.30ഓടെ ഞങ്ങൾ ഗുണ്ടൽപേട്ട് എത്തി. ഒരു മസാലദോശ അകത്താക്കി വീണ്ടും യാത്ര തുടർന്നു. ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം ആയിരുന്നു ആദ്യത്തെ ലക്ഷ്യം. മലമുകളിലെ ഒരു കൃഷ്ണ ക്ഷേത്രം. 


കാറുകൾ മലയുടെ അടിവാരത്ത് നിർത്തിയിടണം. മുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്ര ഫോറസ്ററ് ഡിപ്പാർട്മെന്റിന്റെ ബസുകളിൽ മാത്രമേ സാധ്യമാവൂ. രണ്ടാൾക്കുള്ള ടിക്കറ്റ് എടുത്ത് ഞങ്ങൾ ബസിൽ സ്ഥലം പിടിച്ചു. വളവും തിരിവുമുള്ള റോഡുകൾ സുന്ദരമായ ഒരമ്പലത്തിന്റെ മുന്നിൽ ചെന്നവസാനിച്ചു. പൊതുവെ കാണാറുള്ള കൊത്തുപണികൾക്കും മൂർത്തികൾക്കും അപ്പുറം അവിസ്മരണീയമായ ഒരു കാഴ്ചയാണ് ഈ അമ്പലം നമുക്ക് സമ്മാനിക്കുന്നത്. ചുറ്റും പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങളുള്ള ആകാശം… കോട പുതച്ച മലയിടുക്കുകൾ…ചുറ്റിലും പച്ച പുൽത്തകിടി വിരിച്ച് ഭൂമി… നടുക്കൊരു ജലാശയം… ഇളം തണുപ്പുള്ള തെന്നൽ…ഭക്തിയേക്കാളുപരി ആ ഭൂപ്രകൃതി എന്നെ സുഖപ്പെടുത്തുന്നതു പോലെ തോന്നി… അമ്പല ദർശനവും ഫോട്ടം പിടുത്തവുമൊക്കെയായി ഒരു മണിക്കൂർ കഴിച്ചു കൂട്ടി ഞങ്ങൾ തിരിച്ച് അടിവാരത്തെക്ക് ബസ് കയറി. 


മറക്കാൻ കഴിയാത്ത എന്തെങ്കിലുമൊന്ന് സമ്മാനിച്ചാണ് ഓരോ സ്ഥലവും നമ്മെ തിരിച്ചയക്കാറുള്ളത്…. ഇവിടെ ആ കാറ്റിന്റെ കുളിരാണ്…. അതിപ്പോഴും അങ്ങിനെതന്നെ എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്.


ചിത്രങ്ങൾ : അർജുൻ  വി  രവീന്ദ്രൻവിവരണം : ആതിര ജി  മേനോൻ