പർവതങ്ങൾ കയറികഴിയുമ്പോൾ നാം കീഴടക്കുന്നത് പർവതത്തെയല്ല, മറിച്ചു നമ്മെ തെന്നെയാണ്…..

പർവതങ്ങൾ കയറികഴിയുമ്പോൾ നാം കീഴടക്കുന്നത് പർവതത്തെയല്ല, മറിച്ചു നമ്മെ തെന്നെയാണ്….. എഡ്മണ്ട് ഹിലാരി.
മഹാരാഷ്ട്രയിലെ നാഷികിന് അടുത്തുള്ള ഹരിഹർ ഫോർട്ടിനെ കുറിച്ച് അറിയുന്നത് പ്രണയമാണ് യാത്രയോട് എന്ന ഫേസ്ബുക് പേജിൽ നിന്നാണ്, അന്നു തന്നെ തീരുമാനിച്ചു ഇവിടെ പോണമെന്ന്. ജോലി കിട്ടി ഇവിടെ എത്തീട്ടും ഞാനതു മറന്നുപോയിരുന്നു. നാട്ടിലായിരുന്നപ്പോളായിരുന്നു പുതിയ ബൈക്ക് എടുത്തത്, റൈഡ് ഓൺ വൈൽഡ് ക്ലബ്‌ ൻറെ കൂടെ കേരളക്കുണ്ട് വെള്ളച്ചാട്ടം കാണാൻ ഫായിസിനേം സുദേവനേം പിന്നെ ഫായിസിന്റെ ചങ്ങായീനേം കൂട്ടി പോയിരുന്നു. അതുനു ശേഷം അലാക്കിന്റെ പ്ലാനിങ് ഉണ്ടാർന്നല്ലാതെ ഒന്നും നടന്നില്ല.


ഇങ്ങോട്ട് പോന്നപ്പോൾ ബൈക്ക് ഉം കൂടെ ട്രെയിനിൽ കൊണ്ടുവന്നത് വല്യ ഉപകാരം ആണ് ഇപ്പോൾ, കൊണ്ട് വരാൻ കുറെ എടങ്ങാറായിക്കണ്.
പൂനെയിൽ നിന്ന് ഹരി ഹർ ഫോർട്ടിലേക്ക് 240 kms ദൂരമുണ്ട്, 6 മണിക്കൂർ റൈഡ്. ജൂൺ 29 വെള്ളിയാഴ്ച ലീവെടുത്തു,സാറ്റർഡേ ആൻഡ് സൺ‌ഡേ വീക്കിലി ഓഫ് ആണ്, അപ്പോൾ ആകെ മൊത്തം 3 ദിവസം ഉണ്ട് കറങ്ങാൻ.
വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു ഞങ്ങൾ തിരിച്ചു, മുടിഞ്ഞ ട്രാഫിക് ജാം…ടൌൺ കടക്കാൻ ഏകദേശം ഒരു മണിക്കൂർ എടുത്തു, NH 60 ഇഷ്ടം, സൂപ്പർ റോഡ്, 100 KMPH വരെ പിടിച്ചു ഇടക്കൊക്കെ, പിന്നെ 60 വെച്ച് ഒരു സേഫ് സ്പീഡിൽ അങ്ങനെ പോയി.
NH60 യിലൂടെ പോകുമ്പോൾ രണ്ടു സൈഡിലും അതിമനോഹരമായ ഗ്രാമങ്ങൾ കാണാം, നല്ല വ്യൂ, ഇടക്ക് വലിയ ഒരു മല പിളർന്നാണ് ഹൈവേ കടന്നു പോകുന്നത്, ഏതോ ഒരു സിനിമ യിൽ കണ്ടപോലെ, ബൈക്ക് നിർത്തി നോക്കി കണ്ടു.
രാത്രി 9:30 കണ്ടു നാസിക് എത്തി, നല്ല ക്ഷീണം, വിശപ്പ്, ഒരു ഗസ്റ്റ്ഹാവ്‌സിൽ റൂംകിട്ടി , ഫ്രഷ് ആയി അടുത്തുള്ള മറാട്ടി താലി സെന്ററിൽ പോയി വയറു നിറച്ചു കഴിച്ചു..
നല്ല ചൂടുള്ള നെയ്യ് പുരട്ടിയ ചപ്പാത്തി, 3 കൂട്ടം സബ്ജി, ജിലേബി, മോര് അങ്ങനെ കുറെ ഐറ്റംസ്…
നാസിക്കിൽ നിന്നും ഒരു മണിക്കൂർ റൈഡ് ഉണ്ട് ഫോർട്ടിലേക്ക്, രാവിലെ ഗൂഗിൾ മാപ്പിൽ ഡെസ്റ്റിനേഷൻ സെറ്റ് ചെയ്തു വീണ്ടും റൈഡ്, മെയിൻ റോഡിൽ നിന്നും മാറി ഒരു കുഗ്രാമത്തിലൂടെയുള്ള ചെറിയ റോഡിലേക്ക് കടന്നു…
കൃഷിയിടങ്ങൾ, ഇടക്ക് ഒറ്റപെട്ട മരങ്ങൾ, ആകെ മൊത്തം പച്ചപ്പ്‌, മനസിന്‌ കുളിരേകുന്ന കാഴ്ച, ഇന്ത്യയുടെ ഭംഗി ഗ്രാമങ്ങളിൽ ആണെന്ന് ഗാന്ധിജി പറഞ്ഞത് എത്ര സത്യമാണെന്നു റിയാസ് ഓർത്തു .


കുറച്ചു കഴിഞ്ഞപ്പോൾ വളഞ്ഞു പുളഞ്ഞ റോഡിലേക് കടന്നു, വേറേം റൈഡേഴ്‌സ് ഉണ്ടാർന്നു, 5 കിലോമീറ്റര് കാട്ടിലൂടെ ഉള്ള യാത്ര, മലനിരകൾ കണ്ടു തുടങ്ങി, മലവെള്ളം വരുന്ന വഴികൾ കാണാം, നല്ല മഴയുള്ള സമയത്താണെങ്കിൽ വെള്ളച്ചാട്ടങ്ങൾ കാണാമായിരുന്നു, തികച്ചും ശാന്തത … റോഡ് തീർന്നു, വെറും കരിങ്കല്ലുകൾ , ബൈക്ക് പോകാൻ റിസ്ക് ആണ്, മെല്ലെ മെല്ലെ ഓടിച്ചു പോയി, മലയുടെ താഴ്വാരത്തു എത്തി, ബൈക്ക് നിർത്തി കുറച്ചു നേരം അങ്ങനെ അന്തം വിട്ടു നോക്കി നിന്നു.
പച്ച വിരിച്ചു കിടക്കുന്ന നെൽപ്പാടം , ഒരു അരുവി പാടത്തിന്റെ നടുവിലൂടെ കടന്നു പോകുന്നു, ചെറിയ രീതിയിൽ ഒഴുക്കുണ്ട് , നല്ല തെളിയുള്ള വെള്ളം, ശുദ്ധ ജലം, അരുവി താഴെ വലിയ ഒരു വലിയ വെള്ളക്കെട്ടിൽ ചെന്ന് ചേരുന്നു.ഒരു ചെറിയ പീടിക, ബിസ്കറ്റ് ഉം വെള്ളവും വാങ്ങി ബാഗിൽആക്കി നടന്നു നീങ്ങി…
കുറച്ചു പേര് മുന്നിൽ നടക്കുന്നുണ്ടാർന്നു , എല്ലാരേം പരിചയപെട്ടു, മെക്കാനിക്കൽ എഞ്ചിനീയറിംഗ് സ്റ്റുഡന്റസ്, കേരളത്തിൽ നിന്നും ഇവടെ വരെ എന്തിനുവന്നെന്നു ചോദ്യം, പൂനെ യിൽ ആണ് ജോലി എന്ന് ഞാൻ, വർത്താനം പറഞ്ഞോണ്ട് ഞങ്ങൾ നടന്നു നീങ്ങി, ചുറ്റും കാടാണ്,


ശെരിക്കും ഒരു വഴി തെളിഞ്ഞു കാണുന്നുണ്ടായിരുന്നില്ല , ഫോർട്ടിന് മുകളിലെത്താൻ പല വഴികൾ ഉണ്ട് ഇടക്ക് വഴി തീർന്നെന്നു മുന്നിൽ നടക്കുന്നവൻ പറഞ്ഞു, സൂക്ഷിച്ചു നോക്കിയപ്പോൾ വഴി കണ്ടെത്തി, അവസാനം എത്തിയത് ഒരു കൂറ്റൻ പാറക്കെട്ടിന് മുന്നിൽ, വഴി തീർന്നത് തന്നെ, ഒരു രക്ഷയുമില്ല, വഴി തെറ്റി, കേറി നോക്കാൻ ഞാൻ ഒരു ശ്രമം നടത്തി നോക്കി നടന്നില്ല, അപ്പോളതാ ഒരാൾ വരുന്നു, ഒരു കൂസലും കൂടാതെ മൂപ്പര് കൊത്തിപിടിച്ചു വലിഞ്ഞു കേറി, മേലെ എത്തീട്ട് കേറിവാ മക്കളേന്നു.
ഇയാൾ ധൈര്യം തന്നു ആളെ കൊല്ലോന്ന് വിചാരിച്ചു ഒന്ന് നിന്നു, പിന്നെ എവിടെ അങ്ങനെ പിടിച്ചു കേറണം എന്ന് പറഞ്ഞു കൈ നീട്ടി തന്നു, അള്ളി പിടിച്ചു ഒരുവിധം മേലെ കേറി പറ്റി, ഓരോന്നിനെ പിടിച്ചു വലിച്ചു കേറ്റി, കേറിയതൊക്കെ കൊള്ളാം, ഇതെങ്ങനെ ഇറങ്ങും ? കുടിങ്ങിയല്ലോ പടച്ചോനെ….
കൂട്ടത്തിൽ ഉള്ള തടിയൻ ആകെപൊക ആളി ഇരിന്നു, ഒപ്പം അവന്മാരും, ഞനും റിയാസും നടക്കാൻ തീരുമാനിച്ചു, അങ്ങ് ദൂരെ മാനം മുട്ടി നിൽക്കുന്ന കോട്ട കാണാം , ഇനിയും ഒത്തിരി കേറാനുണ്ട് കോട്ടയുടെ താഴെ ഭാഗത്തു എത്താൻ, നല്ല കിതപ്പ് , സ്റ്റാമിന എന്ന ഒരു സാദനം ഇണ്ടലാ, മെയ്യനങ്ങി ഒരു പണി എടുക്കണ്ടേ…
പിന്നേം കാട്ടിലൂടെ നടത്തം,ഇടക്ക് വഴി തെറ്റിയൊന്ന് എനിക്കൊരു സംശയം, മുന്നേ പോയവരുടെ ഷൂസിന്റെ അടയാളം കണ്ടപ്പോൾ വഴി ശെരിയാണെന്ന് തോന്നി. വല്ല പുലി യോ മറ്റോ വന്നാൽ എന്ത് ചെയ്യുമെന്ന് റിയാസ്, നമ്മൾ ഒന്നും ചെയ്യേണ്ട, എല്ലാം മൂപ്പർ ചെയ്തോളുംനു ഞാൻ,പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും കാട്ടിൽ പലയിടത്തും കാണാം, എല്ലാം മലിനമാകീട്ടും മനുഷ്യൻ ബാക്കി, ആരോട് പറയാൻ, ആര്കേൾക്കാൻ, മനുഷ്യൻ എത്ര സ്വാർത്ഥനാണ്, നികൃഷ്ട ജീവി…
കുറെ കൂടെ കേറിയപ്പോൾ ഒരു മൊട്ടക്കുന്നു കണ്ടു, നല്ല കുളിർകാറ്റാടിക്കുന്നു,അകെ മൊത്തം വിയർത്തിരുന്നു, ഷർട്ട് ഊരി കൈ രണ്ടും നീർത്തി അങ്ങനെ നിന്നു, എന്താ സുഖം, കുന്നിനു താഴെ ഒരു ഗ്രാമം കാണാം നെൽപ്പാടങ്ങളും.
കയറികയറി കോട്ടയുടെ താഴെ എത്തി, ആദ്യഘട്ടം 60 മീറ്റർ നീളത്തിൽ കുത്തനെയുള്ള പടികളാണ്,പാറയിൽ കൊത്തിയെടുത്ത പടികളാണ് ഇതെല്ലം, വളരെ ഇടുങ്ങിയതും വഴുക്കുന്നതും. പടിയിൽ പിടിച്ചു കേറാൻ ചെറിയ കുഴികൾ കൊത്തിയിട്ടുള്ളത് വലിയ ഒരു ആശ്വാസമായി തോന്നി. ഒരേ സമയം ഒരാൾക്ക് കേറാനോ അല്ലെങ്കിൽ ഇറങ്ങാനോ പറ്റുവൊള്ളൂ. നല്ല മഴയുള്ള സമയത് വെള്ളം ശക്തിയായിഈ പടികളിലൂടെ വരും. ഈ 60 മീറ്റർ കയറിച്ചെല്ലുന്നത് ഒരു കവാദഗതിലേക്കാണ്. ഇനിയങ്ങോട്ട് ഒരു ഭാഗം തുറന്ന നടപ്പാത, കുനിഞ്ഞ സൂക്ഷിച്ച വേണം നടക്കാൻ ഇടത്തോട്ട് നോക്കിയാൽ തല കറങ്ങും അജ്ജാദി താഴ്ചയാണ്.


തീർന്നിട്ടില്ല, ഇനിയുള്ള കേറ്റമാണ് കേറ്റം, മുന്നേതേക്കാൾ കഷ്ടം, ചെറുതും ഇടുങ്ങിയ വളഞ്ഞു പുളഞ്ഞുള്ള പടികൾ അതും കുത്തനെ, ഒരു മതിലിൽ കോണി വെച്ച് കേറുമ്പോലെ കേറണം, ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ ഖുദാ ഹവാ, അലാക്കിന്റെ കുഴിയല്ലേ കുഴി, പടച്ചോനേ കാത്തോളീനും പറഞ്ഞു മെല്ലെ മെല്ലെ കേറിപ്പോയ്, ഈ പടികളുംഎത്തുന്നത് വേറെ ഒരു കവാടത്തിലേക്ക്, കവാടം കടന്ന് ചെന്നപ്പോൾ ആകാശത്തു എത്തിയ പോലെ, ചുറ്റും മേഘങ്ങൾ.


വീണ്ടും ഒരു വലിയ പാറക്കെട്ട് കൊത്തിപ്പിടിച്ചു കേറി മേലെ എത്തി, അവിടെയുള്ള കാഴ്ച വിവരിക്കാൻ കഴിയില്ല, അത്രക്കും സുന്ദരം. അടുത്തുള്ള മല നിരകൾ കാണാം, മേഘങ്ങൾ നമുക്ക് ചുറ്റും പാറി നടുക്കുന്നു, ഹൃദയാകൃതിയിൽ ഉള്ള ഉള്ള ഒരു തടാകം, ഒറ്റപ്പെട്ട മരങ്ങൾ, കുറെ കുരങ്ങന്മാർ, നല്ല പച്ചപ്പ്, പുൽത്തകിടുകൾ, കോട്ടയുടെ അവശിഷ്ടമായി പറയാൻ ഉള്ളത് ഒരു ചെറിയ കവാടം ഉള്ള സൂക്ഷിപ്പ് ശാലയാണ്, ഒരു മന്ദിർ ഉണ്ട്, ഏറ്റവും ഉയരം കൂടിയ പോയിന്റിൽ എത്താൻ ഇനിയും ഒരു കൂറ്റൻ വട്ടത്തിലുള്ള പാറക്കെട്ട് കൂടി കേറണം, ഉള്ളതിൽ വെച്ച ഏറ്റവും ഭയങ്കരം, പരസഹായമില്ലാതെ കേറാൻ പറ്റില്ല.ഇവിടേം കൈ പിടിച്ചു വലിച്ചു കേറ്റാൻ നേരത്തെ പറഞ്ഞ ചേട്ടായി തന്നെയാ സഹായിച്ചേ..ഈ പാറക്കെട്ടിനു മേലെ കേറിയാൽ അങ്ങനെ അന്തം വിട്ട് നിന്ന് പോകും, 3700 ഓളം അടി മുകളിലാണ് ഈ പോയിന്റ്. കുറച്ചു നേരം അവിടെ അങ്ങനെ ഇരുന്നു, എല്ലാ വശങ്ങളും നോക്കിക്കണ്ടു ഇറങ്ങി, ഇറങ്ങിയതൊക്കെ എങ്ങനെയെന്ന് പടച്ചോനറിയാം.
തിരിച്ച പടികൾ ഇറങ്ങുന്നത് എളുപ്പമല്ല, കേറുന്നതിനേക്കാൾ കഷ്ടം, കേറുമ്പോൾ നമ്മൾ മുന്നിൽ കാണുന്നത് പടികൾ മാത്രമാണ് അപ്പോൾ അത്ര പേടി തോന്നില്ല ഇറങ്ങുമ്പോൾ താഴ്ച കണ്ടിട്ടല്ലേ ഇറങ്ങുന്നത്, ഓരോ പാടിയും മെല്ലെ ഇരുന്നും നിരങ്ങിയും ഒരു വിധം താഴെ എത്തി. തിരിച്ചു വീണ്ടും കാട്ടിലൂടെ ഇറക്കം, പക്ഷെ വഴി തെറ്റി, ഞങ്ങളെ കൂടെ വേറെ ആരും ഇല്ല.
ഏതോ ഒരു ഹാലിൽഅങ്ങനെ നടക്കുന്നു, കേറിയ സ്ഥലങ്ങളൊന്നും കാണുന്നുണ്ടാരുന്നില്ല, ആദ്യം കേറിയ പാറ കെട്ടും കാണാനില്ല, ഒരു കണക്കിന് ആ പാറക്കെട്ട് ഒഴിവായല്ലോന് ആലോചിച്ച സമാധാനിച്ചു. പക്ഷെ ഇതെവിടെ ചെന്നെത്തും? മലയുടെ മറുവശത്തെങ്ങാനും എത്തിപ്പെട്ടാലോ? ബൈക്ക് വെച്ച സ്ഥലത്തു എങ്ങനെ എത്തും? രണ്ടുകാലിന്റേം തള്ള വിരൽ നല്ലോം വേദനിക്കുന്നു, റിയാസിന്റേം കാല് വേദനിക്കുന്നുണ്ട്.
വലത്തേ കയ്യിൽ ഒരു വണ്ട് വന്നിരുന്നു, നല്ല വെട്ടി തിളങ്ങുന്ന നീല നിറമുള്ള കുഞ്ഞു വണ്ട്, മെറ്റാലിക് പെയിന്റ് അടിച്ച വണ്ടി വെയിലത്തു നിർത്തിയ പോലെ ഉണ്ടായിരുന്നു അതിന്റെ തിളക്കം. പൈന്റിന്റെ പേരെന്താണ് പറഞ്ഞതെന്ന് ചോദിക്കാമായിരുന്നു.
അവസാനംഒരു വിധം താഴെവരയിൽ എത്തി, ഈ വഴിയോളുടെ ആരും അങ്ങനെ പോയിട്ടുണ്ടാകില്ല, മലവെള്ളം കുത്തി ഒലിച്ചു പോയ അടയാളങ്ങൾ കാണാം. ഒരു ചെറിയ നീർച്ചാൽ കണ്ടു, നല്ല തെളി വെള്ളം,


കയ്യും മുഖവും കഴുകി നല്ല തണുപ്പ്.
പരൽ മീനുകൾ ധാരാളം ഉണ്ട്. ഈ മീനുകൾ എവിടുന്നു വന്നു? അടുത്തെന്നും കുളമോഒന്നോ ഇല്ല, മീനുകൾ എല്ല്ലാം ഒരു ചെറിയ കുഴിയിലാണ്, ഞൻ ഷൂഎല്ലാം ഊരി രണ്ടു കാലും മെല്ലെ ഇറക്കി ആ കുഴിയിൽ വെച്ചു, മീനുകൾ കാലിൽ വന്നു കൊത്താൻ തുടങ്ങി, ഇക്കിളി ആകുന്നു നല്ല സുഖം. കുറച്ചു നേരം അങ്ങനെ ഇരുന്നു.
തിരിച്ചു ബൈക്ക് ന്റെ അടുത്തേക്ക് പോകുമ്പോൾ ഒരു ചെറിയ വെള്ള ചട്ടം കണ്ടു, കുളിക്കാൻ നല്ല മോഹം, എന്ത് ചെയ്യാൻ കയ്യിൽ തോർത്തുമുണ്ടില്ലല്ലോ… അവിടെ ഒരു ചെറിയ പീടികയുടെ പണിനടക്കുന്നുണ്ടാർന്നു, പണിയെടുത്തോണ്ടിരിക്കുന്ന ചേട്ടായിമാരോട് കാര്യം പറഞ്ഞു, അവർ സന്തോഷണത്തോടെ മുണ്ട് എടുത്തു തന്നു. നല്ല ഉഷാറായി ഒരു കുളി പാസാക്കി മടക്കയാത്ര തുടങ്ങി.


രാത്രി റൈഡ് ചെയ്തു വരുമ്പോൾ നല്ല നിലാവുണ്ടായിരുന്നു, അമ്പിളിമാമനെ കാണാൻ പതിവിലേറെ ചന്ദം, ഓർമ്മകൾ പലതും അഴവിറക്കി യാത്ര തുടർന്നു…
ചിത്രങ്ങളും വിവരണവും : അൻസർ പാലക്കൽ