അവിടെ ജോലി ചെയ്തിരുന്ന ഒരു മലയാളി നേഴ്സ്, ഓടി രക്ഷപെട്ടോളാൻ (മലയാളത്തിൽ) പറഞ്ഞത് കൊണ്ട് അന്ന് രക്ഷപെട്ടു.

njaan sanchari
Sabu George

അൽപ്പനേരം കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. ഇതൊരു അപ്രതീക്ഷിത പരീക്ഷണമായിപ്പോയി. ഇടതു കൈ കുത്തി, ആ വശം ചേർന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. ആദ്യം കട്ടിലിൽ ചാരി ഇരിക്കാൻ പറ്റി. ഫോൺ എടുത്ത് ഡേവിഡിന് ഒരു മെസ്സേജ് അയച്ചു. വേദനയുള്ള വശം തന്നെയാണ് പ്രശ്നമായിരിക്കുന്നത്. ഇപ്പോൾ ആദ്യത്തെ അത്ര പരിഭ്രമം തോന്നുന്നില്ല. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, രാത്രി ആയാൽ മനോധൈര്യം കുറയും, നേരം വെളുത്താൽ കൂടും. വെളിച്ചവും ധൈര്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ആവോ? പതിയെ കട്ടിലിൽ പിടിച്ച് എഴുന്നേറ്റു. വലതു കയ്യും കാലും മരവിച്ച പോലെ. കാല് വലിച്ച് വലിച്ച് പോയി വാതിൽ തുറന്നിട്ടു. പെട്ടന്ന് റെഡി ആയി നാട്ടിലേക്ക് തിരിച്ചു പോകാമെന്ന് വച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ, മുഖത്തിന്റെ വലതുഭാഗം കോടിപ്പോയപോലെ തോന്നി. ബ്രഷ് ചെയ്യാമെന്ന് കരുതി, വലതു കൈ വാഷ് ബസിൻറെ മുകളിലേക്ക് കയറ്റി വച്ച്, ഇടത് കൈ കൊണ്ട് ബ്രഷ് പിടിപ്പിക്കാൻ നോക്കി. നോക്കി നിൽക്കെ, ബ്രഷ് വിരലുകൾക്കിടയിലൂടെ ഊർന്ന് വീണു. കുറച്ചു പേസ്റ്റ് വായിലിട്ട്, കുറച്ചു വെള്ളം കൂട്ടി കുലുക്കുഴിഞ്ഞ് തുപ്പി. കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും, പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞ് ഞാൻ റെഡിയായി.

എത്രയും പെട്ടെന്ന് നാട്ടിലെത്തിയെ മതിയാകൂ. എന്റെ ജോലിസ്ഥലമായ ദുബായ് കൂടിയാണ് എനിക്ക് മടങ്ങിപോകേണ്ടത്. എന്തായാലും മൗറീഷ്യസിൽ ഡോക്ടറെ കാണണ്ട എന്ന് തീരുമാനിച്ചു. മുൻപൊരു തവണ ഇവിടെ മറ്റൊരു ഹോട്ടലിൽ വച്ച് എന്റെ സഹപ്രവർത്തകന് നെഞ്ചുവേദന വന്നു. ഒരാഴ്ച്ച ആശുപത്രിയിൽ കിടത്തി, പല മരുന്നുകളും കയറ്റി, അവസാനം നാലായിരം ഡോളറിന്റെ ബില്ലാണ് തന്നത്. അവിടെ ജോലി ചെയ്തിരുന്ന ഒരു മലയാളി നേഴ്സ്, ഓടി രക്ഷപെട്ടോളാൻ (മലയാളത്തിൽ) പറഞ്ഞത് കൊണ്ട് അന്ന് രക്ഷപെട്ടു. ആ ഡോക്ടർക്ക് പിന്നെയും കുറച്ചു ദിവസം കൂടി കിടത്തി ആരോഗ്യം നന്നാക്കണം എന്നുണ്ടായിരുന്നു. ഓരോ യാത്ര ചെയ്യുമ്പോഴും ട്രാവൽ ഇൻഷുറൻസ് എടുക്കണമെന്നൊക്കെ വിചാരിക്കും, പക്ഷെ കൂടുതൽ പൈസ കൊടുക്കാൻ വലിയ മടി. പിന്നെ, എനിക്കൊന്നും വരില്ല എന്ന തോന്നലും. ഒക്കെ വെറുതെ. വെറുതെ കിടന്നുറങ്ങിയാൽ പോലും പണി കിട്ടുമെന്നാണ് അനുഭവപാഠം. റൂമിലെ ഫോണെടുത്ത് റിസപ്ഷനിലേക്ക് വിളിക്കാൻ നോക്കി, പറയുന്നതൊന്നും തിരിയുന്നില്ല. ഫോൺ തിരികെ വച്ച് കട്ടിലിൽ ചാരി, ഡേവിഡ് വരാൻ വേണ്ടി കാത്തിരുന്നു.

വാതിൽ തുറക്കുന്ന സ്വരം കേട്ട് നോക്കിയപ്പോൾ, മുൻപിൽ ഡേവിഡ്. കൂടെ ഹോട്ടലിലെ രണ്ട് ജോലിക്കാരും. അവർ ആകെ പരിഭ്രമിച്ചിരിക്കുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ റെഡി ആയിട്ടാണ് വന്നിരിക്കുന്നത്. കൂടെയുള്ളവരെ പറഞ്ഞുവിട്ട്, ഡേവിഡിനെ അവിടെ ഇരുത്തി, വാക്കുകൾ പെറുക്കി പെറുക്കി സംസാരിച്ചു. ആശുപത്രിയിൽ പോയാൽ ഞാൻ ഇവിടെ പെട്ടുപോകുമെന്ന് പറഞ്ഞപ്പോൾ, പുള്ളിക്ക് കാര്യം മനസ്സിലായി. എന്റെ ടിക്കറ്റ് മൂന്ന് നാല് ദിവസം കഴിഞ്ഞുള്ളതാണ്, അത് ഇന്നത്തേക്കാക്കണം. മാറ്റാൻ പറ്റിയില്ലെങ്കിൽ പുതിയ ടിക്കറ്റ് എടുക്കണം. സമയം ഏതാണ്ട് രാവിലെ എട്ടുമണി ആയിട്ടേ ഉള്ളു. ഉച്ച കഴിഞ്ഞാണ് ദുബായ്ക്കുള്ള വിമാനം. നഗരത്തിൽ തന്നെയുള്ള എമിറേറ്റ്സ് ഓഫീസിൽ പോയി അന്വേഷിക്കാൻ ഡേവിഡ് അപ്പോൾ തന്നെ ഇറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ഡേവിഡ് പറഞ്ഞു വിട്ട ബ്രേക്ഫാസ്റ്റ് എത്തി. അതു കഴിച്ച് കഴിഞ്ഞപ്പോഴേക്കും ഒരുഷാറായി. ഞാൻ മൊത്തത്തിൽ ഒന്ന് വിശകലനം ചെയ്തു. പ്രധാനമായും, വലതു കൈയും കാലും മരവിച്ചപോലെ, പിന്നെ സംസാരിക്കുമ്പോൾ നാവു കുഴയുന്നുണ്ട്. വലതു കൈവിരലുകൾ കൊണ്ട് ഒന്നും പിടിക്കാൻ പറ്റുന്നില്ല. എന്തോ നെർവ് പ്രശ്നമാണ്. ആശുപത്രിയിൽ പോകണോ എന്ന് പല വട്ടം ചിന്തിച്ചു. എന്തായാലും ദുബായ് എത്താം. അവിടെ എത്തുമ്പോൾ അസുഖം പിന്നെയും കൂടിയാൽ ഡോക്ടറെ കാണാം, അല്ലെങ്കിൽ നാട്ടിലേക്ക് പോകാം. അല്പനേരത്തിനു ശേഷം ഡേവിഡിന്റെ തോളിൽ തൂങ്ങി ഞാൻ അവിടെ നിന്നിറങ്ങി.

Sabu George

ദുബായ് എത്തിയപ്പോൾ രാത്രി ആയി. പ്രിയ സുഹൃത്ത് ഹസ്സൻ എയർപോർട്ടിൽ കാത്തു നിന്നിരുന്നു. യാത്രക്കാർ എല്ലാവരും ഇറങ്ങിയതിനു ശേഷം, എന്നെ ഒരു ചക്രക്കസേരയിൽ ഇരുത്തി പുറത്തുവരെ തള്ളിക്കൊണ്ട് വരികയായിരുന്നു. ആ വി ഐ പി പരിഗണന എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ലൈൻ ഒന്നും നിൽക്കണ്ട, വണ്ടിയിൽ ഇങ്ങനെ ഇരുന്ന് കാഴ്ചയൊക്കെ കണ്ട്, നല്ല രസം. നീണ്ട വരിയിൽ നിന്നവർ എന്നെ അസൂയയോടെ നോക്കുന്നുണ്ടോ? എന്റെ ബാഗൊക്കെ എടുത്ത് വേറൊരാൾ കൂടെ. ആഹാ, രാജകീയം. തലേന്ന് ഓടിച്ചാടി അങ്ങോട്ട് പോയയാൾ വീൽ ചെയറിൽ വരുന്നത് കണ്ട് ഹസ്സൻ കണ്ണ് മിഴിച്ചു. വണ്ടി കിടക്കുന്നയിടം വരെ എന്നെ അവർ ഇരുത്തിയെത്തിച്ചു. പിന്നെ ഹസ്സന്റെ തോളിൽ തൂങ്ങി കാറിലേക്ക്. പിറ്റേന്ന് ഉച്ചക്കാണ് കൊച്ചിയിലേക്കുള്ള വിമാനം. രാവിലെ തന്നെ ആശുപത്രിയിൽ പോയി നോക്കി, അവിടെ നിന്ന് എയർ പോർട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ച് റൂമിലെത്തി. ഹസ്സൻ പോയിക്കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും ഒറ്റക്കായി. എന്റെ ധൈര്യം ചോർന്നു തുടങ്ങി. വീട്ടിലേക്ക് മെസ്സേജ് അയച്ച് ഞാൻ കിടക്കയിൽ ചാരിയിരുന്നു. എപ്പോഴോ മയങ്ങിപ്പോയി.

അൽ ഖിസൈസിലുള്ള പ്രശസ്തമായ ഒരാശുപത്രിയുടെ ക്യാഷ്വലിറ്റി മുറിയിൽ ഒരു ഈജിപ്ത്യൻ ഡോക്ടർ എന്റെ മുന്നിലിരിപ്പുണ്ട്. കാര്യങ്ങളൊക്കെ കേട്ട് കഴിഞ്ഞ് ആലോചന തുടങ്ങിയതാണ്. കുറച്ചു നേരമായി. “എന്റെ മരുന്ന് കൊണ്ട് ഈ പ്രശ്നം മാറില്ല, ഞാൻ ന്യൂറോ സ്പെഷ്യലിസ്റ്റിന് റഫർ ചെയ്യാം” അദ്ദേഹം പറഞ്ഞു. എന്റെ അവസ്ഥ തലേന്നത്തെത് തന്നെ. കൂടുതലും കുറവുമൊന്നുമില്ല. ഒരു വീൽ ചെയറിൽ ന്യൂറോ ഡോക്ടറുടെ മുറിയിലേക്ക് നീങ്ങി. ഇന്ത്യക്കാരൻ ഡോക്ടറെ കണ്ടപ്പോൾ എനിക്ക് ആശ്വാസം തോന്നി. കാര്യങ്ങളൊക്കെ പറഞ്ഞു. പരിശോധനാ കിടക്കയിൽ കിടത്തി കാൽപാദത്തിനടിയിൽ താക്കോൽ ഉരച്ചു നോക്കി, കൈ മുട്ടിൽ തട്ടി നോക്കി. എന്നിട്ട് നിരാശയോടെ തലയാട്ടി. “മോൻ ഇവിടെ എന്താ ചെയ്യുന്നത്” അദ്ദേഹം ചോദിച്ചു. ജോലി പറഞ്ഞപ്പോൾ, അദ്ദേഹം തുടർന്നു, ” കൈ വേദന ഉണ്ടായിരുന്നു അല്ലെ?, ഇപ്പോൾ വലതു വശം മരവിപ്പ് പോലെ. എനിക്ക് തോന്നുന്നത്, കഴുത്തിൽ നാഡികളെ ഞെരുക്കി ഒരു മുഴ വളരുന്നുണ്ടെന്നാണ്, മോൻ പേടിക്കുകയൊന്നും വേണ്ട, നമുക്ക് നോക്കാം.” എന്റെ ധൈര്യമൊക്കെ ചോർന്നു. വളരുന്ന മുഴ എന്ന് പറഞ്ഞാൽ എന്താ? എന്തായാലും നാട്ടിലേക്കെത്തിയേ പറ്റൂ, ഞാൻ തീരുമാനിച്ചു. നാട്ടിൽ പോകാനുള്ള തീരുമാനം ഡോക്ടറോട് പറഞ്ഞു. അദ്ദേഹം ആകെ അസ്വസ്ഥനായ പോലെ തോന്നി. എന്നിട്ട് പറഞ്ഞു “എന്തായാലും നമുക്ക് ഒരു സ്കാൻ ചെയ്തു നോക്കാം, യാത്ര ചെയ്യാമോ എന്ന്. ഷാർജ റോളയിൽ ഒരു സ്കാനിംഗ് സെന്റർ ഉണ്ട്, അവിടെ പോയാൽ മതി, പുതിയ മെഷീൻ ആണ്, പെട്ടന്ന് ചെയ്യാനും പറ്റും” ഡോക്ടർ അവരുടെ അഡ്രസ്സും ഫോൺ നമ്പറും തന്നു.

Sabu George

ഞങ്ങൾ ഷാർജ ലക്ഷമാക്കി കുതിച്ചു. സ്കാൻ ചെയ്ത് റിപ്പോർട്ട് ഡോക്ടറെ കാണിച്ച ശേഷം വേണം, എയർ പോർട്ടിലെത്താൻ. ഏതാണ്ട് രണ്ടായിരം ദിർഹം വരും സ്കാൻ ചെയ്യാൻ. എന്തായാലും കുഴപ്പമില്ല, ചെയ്യാം. ഞാൻ ആകെ തളർന്നിരുന്നു. പകലായിട്ടുകൂടി, വല്ലാത്ത ഭയം എന്നിൽ നിറഞ്ഞു. എത്ര പെട്ടന്നാണ് ജീവിതം മാറിമറിയുന്നത്. വർഷങ്ങൾ നീണ്ട പദ്ധതികൾ സ്വപ്നം കണ്ടിരുന്ന ഞാൻ, ദിവസങ്ങളിലേക്കും മണിക്കൂറുകളിലേക്കും ചുരുങ്ങിപോകുന്നു. ഞാൻ സീറ്റിൽ ചാരി കണ്ണടച്ചിരുന്നു. പെട്ടന്ന് എന്റെ ഫോൺ ശബ്‌ദിച്ചു. ഡോക്ടറാണ്. സ്കാൻ സെന്ററിൽ എത്തുമ്പോൾ തന്നെ വിളിക്കണമെന്ന് പറയാൻ. അദ്ദേഹത്തിനെന്തോ അവരോട് പറയാനുണ്ടത്രേ. പെട്ടെന്ന് എന്റെ തലയിൽ വെളിച്ചം വീണു. ഡോക്ടറുടെ കണ്ണുകൾ തിളങ്ങുന്നത് എന്റെ മനസ്സിൽ തെളിഞ്ഞു. ഞാൻ ഹസ്സനോട് വണ്ടിയൊതുക്കാൻ പറഞ്ഞു. സമയക്കുറവിനെ കുറിച്ചോർമിപ്പിച്ചുകൊണ്ട് ഹസ്സൻ വണ്ടി നിറുത്തി. ഞാൻ പറഞ്ഞു ” നമുക്ക് സ്കാൻ ചെയ്യണ്ട. വണ്ടി തിരിക്കൂ, നമുക്ക് എയർ പോർട്ടിലേക്ക് പോകാം” അന്ന് ആ മരുഭൂമിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു.

Click Hear to read Part 1

വിവരണം : സാബു ജോർജ്