ഒരു വിദേശ രാജ്യത്ത്, അടച്ചിട്ട ഹോട്ടൽ മുറിക്കുള്ളിൽ, കട്ടിലിൽ നിന്നെഴുന്നേൽക്കാൻ കഴിയാതെ ഞാൻ…

ആരോ കയ്യിൽ തട്ടുന്നത് പോലെ തോന്നിയപ്പോൾ ഞാൻ കണ്ണ് തുറന്നു. വിമാനം താഴ്ന്നു തുടങ്ങിയെന്ന അറിയിപ്പ് കേൾക്കുന്നുണ്ട്. എന്റെ ജനൽപ്പാളി തുറന്നിടാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ് മുന്നോട്ട് നടന്നു. ഞാൻ നന്നായി ഉറങ്ങി, പക്ഷെ ഇപ്പോഴും ആ മെനക്കെടുത്തുന്ന കൈ വേദനയുണ്ട്. കുറച്ചു നാളായി ഉറക്കം തീരെ ശരിയാകുന്നില്ല. കിടക്കുമ്പോൾ വലത് കൈക്ക് വല്ലാത്ത വേദന. ഇരുന്നാൽ കുഴപ്പമില്ല. അതുകൊണ്ട് കുറച്ചു നേരം ചാരിയിരുന്നാൽ, ഞാൻ ഉറങ്ങിപോകും. പതിയെ ജനൽപ്പാളി തുറന്നു. തീക്ഷ്ണമായ വെളിച്ചം കണ്ണിലേക്കടിച്ചു കയറി. പതിയെ പതിയെ പുറം കാഴ്ചകൾക്ക് നിറം വച്ച് തുടങ്ങി. മേഘങ്ങളില്ലാത്ത നീല ആകാശവും, പച്ചപ്പ്‌ വിരിച്ച ഭൂമിയും. വൈകാതെ മൗറീഷ്യസിലെ സർ സീവ്‌സാഗർ രാംഗുലാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്, ആ കൂറ്റൻ യന്ത്രപ്പക്ഷി പറന്നിറങ്ങി.
മൗറീഷ്യസിൽ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ആണ്. ചെറിയ എയർപോർട്ടാണെങ്കിലും നല്ല തിരക്കുണ്ട്. കൂടുതലും യൂറോപ്പിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്. പുറത്ത് ഡേവിഡ് കാത്തുനിന്നിരുന്നു. ഞങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്.  വ്യാപാരവുമായി ബന്ധപ്പെട്ട് തുടങ്ങിയതാണെങ്കിലും, പിന്നീട് ഞങ്ങൾ നല്ല അടുപ്പത്തിലായി. പണ്ട്, ഫ്രഞ്ചുകാർ ഭരിച്ചിരുന്ന കാലത്ത് വന്ന യൂറോപ്യൻ ദേശക്കാരുടെയും, അവർ കരിമ്പിൻ തോട്ടങ്ങളിൽ പണിയെടുപ്പിക്കാൻ കൊണ്ടുവന്ന ഏഷ്യാക്കാരുടെയും പിൻതലമുറക്കാരാണ് മൗറീഷ്യസുകാർ. അതുകൊണ്ടുതന്നെ, ഇന്ത്യക്കാരെപ്പോലെയിരിക്കുന്നവരും,

സായിപ്പുമാരെപോലെയിരിക്കുന്നവരെയും ഇവിടെ കാണാം. ഡേവിഡിന്റെ മുൻതലമുറക്കാർ സ്പെയിനിൽ നിന്നുള്ളവരായിരുന്നു. കാര്യം ആഫ്രിക്കയാണെങ്കിലും, മൗറീഷ്യസ് ഒരു യൂറോപ്യൻ രാജ്യം പോലെയാണെന്ന് പറയാം. കൂടുതൽ പേരും ഫ്രഞ്ച് ആണ് സംസാരിക്കുന്നത്. ഇന്ത്യക്കാരെക്കാണുമ്പോൾ, ‘കുരച്ച്’ ‘കുരച്ച്’ ഹിന്ദി പറയുന്ന ചില ഇന്ത്യൻ വംശജരുമുണ്ട്. ഒരു വിധം എല്ലാവരും നന്നായി ഇംഗ്ലീഷ് സംസാരിക്കും.


പോർട്ട് ലൂയിസ് പട്ടണത്തെ ലക്ഷ്യമാക്കി ഡേവിഡിന്റെ കാർ കുതിച്ചു. ചുറ്റും വിശാലമായ കരിമ്പിൻ പാടങ്ങൾ കാണാം. വൃത്തിയുള്ള കേരളമാണ് ശരിക്കും മൗറീഷ്യസ്. ഇവിടെ ചുറ്റും കാണുന്ന കാഴ്ച്ചകൾ നമ്മുടെ നാടിന്റെ കാഴ്ച്ചകൾ തന്നെ. പലതവണ വന്നിട്ടുണ്ടെങ്കിലും, ജോലിത്തിരക്കായതുകൊണ്ട് ഈ ദ്വീപ് ശരിക്കും ഒന്ന് കണ്ടിട്ടില്ല. ഇത്തവണ അതിനുള്ള സമയം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ ആദ്യം കാണുമ്പോൾ, ഡേവിഡിന്റെ ബിസിനസ്സ് നടത്തിയിരുന്നത്, പുള്ളിയുടെ പിതാവായിരുന്നു, ക്ലൻസി ക്ലാർക് . പിന്നത്തെ തവണ ഞാൻ വരുമ്പോൾ, ഒരുപാട് കടങ്ങൾ ഡേവിഡിന് പിതൃസ്വത്തായി നൽകി, പിതാവ് ക്ലാർക് വിടവാങ്ങിയിരുന്നു. അന്നൊക്കെ എനിക്ക് കഴിയുന്നപോലെ സഹായിച്ചതുകൊണ്ടാകാം, ഡേവിഡ് എന്നോട് അടുപ്പം കാണിക്കുന്നത്. ചിന്തകളിൽ നിന്നുണർന്നപ്പോഴേക്കും, ഞങ്ങൾ ഡേവിഡന്റെ കൗഡെൻ വ്യവസായ പാർക്കിനുള്ളിലെ പ്രായം തളർത്തിയ ഓഫീസ് കെട്ടിടത്തിനടുത്തെത്തി. കടത്തിന്റെ കൂടെ പിതാവ് നൽകിയതാണ് ഈ കെട്ടിടവും. അതിനാൽ തന്നെ അവിടം വിട്ടു പോകാൻ ഡേവിഡിന് വലിയ താല്പര്യവുമില്ല.


അവിടെയിരുന്ന് കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഞങ്ങൾ നഗരത്തിലേക്ക് നീങ്ങി. ചെറിയൊരു നഗരമാണ് തലസ്ഥാനമായ പോർട്ട് ലൂയിസ്. പ്രധാനമന്ത്രിയുടെ ഓഫീസും, സെൻട്രൽ ബാങ്ക് കെട്ടിടവുമൊക്കെ വഴിയരുകിൽ തന്നെ കാണാം. അതിനടുത്തായി ഒരു ഹോട്ടലിലാണ് എനിക്ക് മുറി ബുക്ക് ചെയ്തിരുന്നത്. എന്നെ അവിടെ ഇറക്കി ഡേവിഡ് പോയി. വൈകുന്നേരം വരെ പിന്നെ ഒന്നും ചെയ്യാനില്ല. ബാഗുകൾ മുറിയിൽ വച്ച് പുറത്തേക്കിറങ്ങി. തൊട്ടടുത്താണ് കൗദൻ വാട്ടർഫ്രണ്ട്. ഒരു ചെറിയ തുറമുഖം. കെട്ടിയിട്ടിരിക്കുന്ന ചെറിയ പായ്കപ്പലുകൾ ഓളങ്ങൾക്കൊപ്പം ഒരേ താളത്തിൽ ഇളകിക്കൊണ്ടിരുന്നു. അവിടെ കുറെ ഭക്ഷണശാലകളുണ്ട്. അതിനിടയിലൂടെ ഞാൻ കുറച്ചു നേരം നടന്നു. പല നിറത്തിലും രൂപത്തിലുമുള്ള ആളുകൾ. ആർക്കും വലിയ തിരക്കൊന്നുമില്ല. എന്റെ ടോയ്ലറ്റ് ബാഗിൽ ടൂത്ത്‌പേസ്റ്റ് ഇല്ലെന്ന് അപ്പോഴാണോർത്തത്. സൂപ്പർ മാർക്കറ്റ് കണ്ടു പിടിക്കാൻ റോഡിന് ഓരം പറ്റി പതിയെ നടന്നു. ബസ്‌സ്റ്റാന്റിനോട് ചേർന്ന് അകത്തേക്ക് നീളുന്ന ഒരു റോഡ്. കാണാൻ നല്ല ഭംഗി. ആ തിരക്കേറിയ നഗരത്തിന് നടുവിൽ കഥകളിലെ പോലെ ഗ്രാമീണഭംഗിയോടെ പച്ചപുതച്ച ഒരു വഴി. അധികം വാഹനങ്ങളോ, ആളുകളോ ഇല്ല. വാഹനത്തിരക്കേറിയ റോഡ് മുറിച്ചുകടന്ന് ഞാൻ അവിടേക്കു നീങ്ങി.


ആ റോഡ് ഉള്ളിലേക്ക് ചെല്ലും തോറും വിജനമായികൊണ്ടിരുന്നു. ഉള്ളിൽ ചെറിയ ഭയം തോന്നിത്തുടങ്ങി. കയ്യിൽ കിടന്ന വാച്ച് പാന്റിന്റെ പോക്കറ്റിലേക്കിട്ട് ഞാൻ തിരികെ നടന്നു. എന്റെ എതിരെ ചിലർ നടന്ന് വരുന്നത് അകലെ നിന്ന് കാണാം. ഞാൻ ആ നാട്ടുകാരനെപ്പോലെ, രണ്ടു കൈയും പോക്കറ്റിലിട്ട് അലസമായി മുന്നോട്ട് നടന്നുകൊണ്ടിരുന്നു. കാഴ്ച്ചയിൽ പരുക്കന്മാരായ അവരെകടന്ന് ഞാൻ നഗരത്തിരക്കിലേക്ക് തിരികെയെത്തി. അന്നത്തെ യാത്ര മതിയാക്കാമെന്ന് തോന്നി. പിന്നെ ഹോട്ടലിലേക്ക് തിരിച്ച് നടന്നു.
രാത്രി വൈകിയാണ് ഡേവിഡ് എത്തിയത്. രാത്രിഭക്ഷണത്തിനായി അടുത്തുള്ള ഭക്ഷണശാലയിലേക്ക് നടന്നു. നഗരത്തിരക്ക് നന്നേ കുറഞ്ഞു തുടങ്ങി. കുറച്ചു ടാക്സി കാറുകളും, ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് ബസ്സും ഞങ്ങളെക്കടന്ന് പോയി. ബാറിൽ നല്ല തിരക്കുണ്ട്. ഒരൊഴിഞ്ഞ കോണിൽ ഞങ്ങൾ ഇരുന്നു. ഞാൻ മൗറീഷ്യസിന്റെ സ്വന്തം ഫീനിക്സ് ബിയർ ഓർഡർ ചെയ്തു, ഡേവിഡ് ഷാൻഡിയും. വർത്തമാനം പറഞ്ഞിരുന്ന കൂട്ടത്തിൽ, ഞാൻ വൈകുന്നേരം പോയ റോഡിനെക്കുറിച്ചും പറഞ്ഞു. ഗ്ലാസ്സ് താഴെ വച്ച് ഡേവിഡ് എന്നെ കണ്ണ് മിഴിച്ച് നോക്കി. “സാബു, റിയലി??”. അധികം കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഒരു നാടാണെങ്കിലും, ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഇവിടെയുമുണ്ട്. വിദേശികൾ വരുന്നയിടമായതുകൊണ്ട് മയക്കുമരുന്ന് മയക്കുമരുന്ന് വില്പന നല്ല രീതിയിൽ നടക്കുന്നുണ്ട്. നഗരത്തിലെ കുപ്രസിദ്ധമായ മയക്കുമരുന്ന് വില്പനയിടമാണ് ഞാൻ പോയ ഗ്രാമീണ ഭംഗിയുള്ള റോഡ്. തൊട്ടുമുൻപിലെ ആഴ്ച്ചയിൽ എന്തോ വലിയ പ്രശ്നമുണ്ടായതുകൊണ്ടാണെത്രെ അവിടെ തിരക്കില്ലാത്തത്. കള്ളു കുടിക്കുമ്പോൾ വരുന്ന ഒരു ധൈര്യമുണ്ടല്ലോ, ആ ബലത്തിൽ ഞാൻ ഡേവിഡിനെ നോക്കി ചിരിച്ചു. പിന്നെയും ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ, ഡേവിഡിന്റെ മകനെ സൗത്ത് ആഫ്രിക്കയിൽ പഠിപ്പിക്കാൻ വിടുന്ന കാര്യം മുതൽ അമേരിക്കൻ മുതലാളിത്ത വ്യവസ്ഥിതിയെക്കുറിച്ചൊക്കെ ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പിന്നെ അവിടെനിന്നിറങ്ങി. ഡേവിഡിനെ യാത്രയാക്കി, നക്ഷത്രങ്ങൾ നിറഞ്ഞ തെളിഞ്ഞ ആകാശം നോക്കി ഞാൻ ഹോട്ടലിലേക്ക് തിരിച്ച് നടന്നു.


കൈ വേദന കൂടി കൂടി വരുന്നു. പരിശോധനകൾ ഒരുപാട് നടത്തിയെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഒന്നും കണ്ടുപിടിച്ചില്ല. എന്നാലും കിടന്നുറങ്ങാൻ അല്പം പ്രശ്നമാണ്. ദീർഘ ദൂരം യാത്ര ചെയ്തത് കൊണ്ടും, ബിയർ കഴിച്ചതുകൊണ്ടുമാകാം, വല്ലാത്ത ക്ഷീണം തോന്നി. എങ്ങനെയെങ്കിലും ഉറങ്ങിയാൽ മതി. വേദനക്കുള്ള ഒരു ഗുളികയും കഴിച്ച്, ഞാൻ കട്ടിലിൽ കയറിക്കിടന്നു.


കണ്ണ് തുറന്നപ്പോൾ മുറിയിലാകെ വെളിച്ചം നിറഞ്ഞിരുന്നു. ഞാൻ വല്ലാതെ ഉറങ്ങിയെന്നു തോന്നുന്നു. ഡേവിഡ് നേരത്തെ എത്തുമെന്ന് പറഞ്ഞ കാര്യം ഓർത്തു. സമയം എത്ര ആയോ ആവോ. ഞാൻ കട്ടിലിനരുകിലെ മേശയിൽ വച്ച മൊബൈൽ ഫോണെടുക്കാൻ വലത് കൈ നീട്ടി. ഇല്ല, എന്റെ കൈ അനങ്ങുന്നില്ല. ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. ഇല്ല, എനിക്കെഴുന്നേൽക്കാൻ കഴിയുന്നില്ല. പെട്ടന്നുള്ള പരിഭ്രമത്തിൽ, ഞാൻ ‘ഹലോ’ എന്നുറക്കെ വിളിച്ചു. ഇല്ല എന്റെ ശബ്ദം ഉയരുന്നില്ല. എനിക്കെന്തോ പറ്റി. ഞാൻ ഇടത് കൈ അനക്കി നോക്കി, ഉവ്വ് അനങ്ങുന്നുണ്ട്, ഇടതു കാൽ, ഉവ്വ്. ഞാൻ തിരിച്ചറിഞ്ഞു, എന്റെ വലതുഭാഗം തളർന്നിരിക്കുന്നു. ഒരു വിദേശ രാജ്യത്ത്, അടച്ചിട്ട ഹോട്ടൽ മുറിക്കുള്ളിൽ, കട്ടിലിൽ നിന്നെഴുന്നേൽക്കാൻ കഴിയാതെ ഞാൻ. എന്റെ മനസ്സിലൂടെ ഒരായിരം ഓർമ്മകൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ഞാൻ പൊട്ടിക്കരഞ്ഞു. 

Click Hear To read Part 2
ചിത്രങ്ങളും വിവരണവും : സാബു ജോർജ്