ആവർത്തിക്കപ്പെടുന്ന പട്ടാള അട്ടിമറികൾ

njaaansanchari
may day

ഇന്ന് ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഭരണ വ്യവസ്ഥയായി അംഗീകരിക്കപ്പെടുന്നത് ജനാധിപത്യ ഭരണകൂടങ്ങൾ ആണ്. യൂറോപ്പിലെയും അമേരിക്കയിലെയും പോലെ എല്ലായിടത്തും ജനാധിപത്യ ഭരണകൂടങ്ങൾ സ്വീകാര്യമാണോ? അതോ തലയെണ്ണി ഉള്ള ഭരണം തല വെട്ടി മാറ്റപ്പെടുന്ന ഭരണത്തേക്കാൾ ഭേദം ആയതുകൊണ്ട് മാത്രമാണോ ജനാധിപത്യ ഭരണകൂടങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നത്.

ഐക്യരാഷ്ട്രസഭയിൽ ജനാധിപത്യ ഭരണകൂടങ്ങൾക്കു ഒപ്പം തന്നെ രാജഭരണവും, മത ഭരണവും നടക്കുന്ന മധ്യേഷ്യയിലെ രാജ്യങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. ജനാധിപത്യ ഭരണവ്യവസ്ഥ പോലെ ലോകത്തെ പല രാജ്യങ്ങളിലും കണ്ടുവരുന്ന ഭരണക്രമം ആണ് പട്ടാളഭരണം. 1947 ഇന്ത്യയും പാകിസ്ഥാനും രണ്ട് സ്വതന്ത്രരാഷ്ട്രങ്ങളായി മാറി. രണ്ട് രാജ്യങ്ങളും ജനാധിപത്യ ഭരണ വ്യവസ്ഥയെ സ്വീകരിച്ചു. എന്നാൽ ഇന്ത്യയിൽ ജനാധിപത്യം നട്ടുപിടിപ്പിക്കുകയും അതു വളർന്നു പന്തലിക്കുകയും ചെയ്തു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ മാറി. എന്നാൽ പാകിസ്ഥാൻ നിരന്തരം പട്ടാള അട്ടിമറികളിലൂടെ കുപ്രസിദ്ധി നേടുകയും ചെയ്തു.

ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാർ ആയി കണക്കാക്കപ്പെടുന്ന അമേരിക്കയിൽ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇലക്ടറൽ വോട്ടുകളുടെ എണ്ണത്തിന്റെ താളപ്പിഴകളും, പരാജയം അംഗീകരിക്കാത്ത ട്രംപിന്റെ നിലപാടും അമേരിക്കൻ ജനാധിപത്യത്തെ തന്നെ പരിഹാസ്യം ആക്കിമാറ്റി.

തെക്കൻ ഏഷ്യയിൽ ഇന്ത്യ ഒഴിച്ച് ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളിലും പട്ടാള അട്ടിമറികൾ നടന്നിട്ടുണ്ട്. പാകിസ്ഥാനിലും മ്യാന്മറിലും രാഷ്ട്രീയ കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഇടയ്ക്കിടെ പട്ടാള അട്ടിമറികൾ ഉണ്ടാവുന്നുണ്ട്.

ലോകത്താകമാനം ഉള്ള ജനാധിപത്യ രാഷ്ട്രങ്ങൾ എല്ലാം തികഞ്ഞ രാഷ്ട്രങ്ങളാണ് എന്ന് അവർക്കു പോലും അവകാശപ്പെടാൻ കഴിയില്ല. എന്നാൽ ഭിന്നസ്വരങ്ങൾ, പ്രതിഷേധം എന്നിവ പ്രകടിപ്പിക്കാൻ കഴിയും എന്നുള്ളതാണ് ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേന്മ.

കഴിഞ്ഞകാലങ്ങളിൽ ഈജിപ്തിലുംമറ്റും മുല്ലപ്പൂ വിപ്ലവം എന്ന രീതിയിൽ പ്രക്ഷോഭങ്ങളിലൂടെ മുസ്ലിം ബ്രദർഹുഡ് ഭരണം പിടിച്ചെടുക്കുകയും. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പിന്തുണയോടെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ മുഖത്തെ ലോകത്തിനു കാണിച്ചു കൊടുത്തു. ഇന്ന് പല രാഷ്ട്രങ്ങളിലും ജനാധിപത്യത്തിൽ ഭൂരിപക്ഷ വിഭാഗങ്ങളെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എതിരായി തീർക്കുകയും, അത്തരത്തിലുള്ള പ്രചരണങ്ങളിലൂടെ ഭരണം പിടിച്ചെടുക്കുകയും വിഭാഗീയമായ തരത്തിലുള്ള ഭരണം നടത്തുകയും ചെയ്യുന്നു. ഇത് ഈ കാലഘട്ടത്തിൽ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയാണ്.

ലോകത്തിലെ പല രാഷ്ട്രങ്ങളിലും ജനാധിപത്യം പേരിൽ മാത്രമാണ് ഉള്ളത്. എതിർ വിഭാഗക്കാരെ മത്സരിക്കാൻ അനുവദിക്കാതിരിക്കുക, ഇലക്ഷൻ സ്വതന്ത്രമായി നടത്താതിരിക്കുക. ഇവയൊക്കെ ഇന്ന് സർവ്വസാധാരണമാണ്. ലോകത്ത് എല്ലായിടത്തും ഒരു പോലെ നടപ്പിലാക്കാൻ പറ്റുന്ന ഒന്നല്ല ജനാധിപത്യം എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഓരോ രാജ്യത്തിന്റെയും വൈവിധ്യത്തിനും, സ്വഭാവത്തിനും അനുസൃതമായി നീതിയുക്തമായ ഒരു ഭരണ സംവിധാനം ഉണ്ടാകണമെന്ന് മാത്രമേ ചിന്തിക്കാൻ കഴിയൂ.

മാൻമാറിനെ പോലെ പട്ടാളം സർവ്വ മേഖലകളിലും അധികാരം കൈയാളുന്ന ഒരു രാഷ്ട്രത്തിൽ ജനാധിപത്യത്തിന് വേരോട്ടം ഉണ്ടാവുക വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആണ്. മ്യാന്മറിൽ പട്ടാള അട്ടിമറി നടന്നു ഉടനെ ഉപരോധ ഭീഷണിയുമായാണ് അമേരിക്ക പ്രതികരിച്ചത്. ഉപരോധങ്ങൾ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും , എന്നാൽ പട്ടാള ഭരണാധികാരികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. പട്ടാള ഭരണ നേതൃത്വവുമായി ചർച്ച നടത്തി വേഗത്തിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് യഥാർത്ഥത്തിൽ അമേരിക്ക ചെയ്യേണ്ടിയിരുന്നത്. മ്യാൻമറിലെ പട്ടാള അട്ടിമറി തീർച്ചയായും അയൽരാജ്യമായ പാകിസ്ഥാനിലെ പട്ടാള ജനറൽമാർക്ക് അവിടെ വീണ്ടും ഒരു അട്ടിമറി നടത്താനുള്ള ധൈര്യം നൽകും എന്നുള്ളതിൽ യാതൊരുവിധ സംശയവും വേണ്ട.

എല്ലാ രാജ്യങ്ങളിലും പ്രതിരോധ മേഖല ശക്തമായ മുൻഗണന ഉള്ള വിഭാഗമാണ്. പട്ടാളത്തെ സംബന്ധിച്ചടത്തോളം അച്ചടക്കമുള്ള സൈനിക വിഭാഗങ്ങളും, ആയുധങ്ങളും അവർക്ക് കയ്യിലുണ്ട്. പല ദരിദ്ര രാഷ്ട്രങ്ങളിലും രാഷ്ട്രീയകാർ തമ്മിൽ അടിച്ചു ദുർബലപ്പെട്ടുമ്പോൾ പട്ടാള നേതൃത്വങ്ങൾക്ക് അട്ടിമറികൾ നടത്താൻ സാധിക്കുന്നു . എന്നാൽ ലോകത്തിൽ ഒരു രാജ്യത്തിനും പട്ടാള ഭരണത്തിൻ കീഴിൽ വികസിത ക്ഷേമ രാഷ്ട്രമായി മാറാൻ കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തിൽ ചർച്ചയിലൂടെ ഒത്തുതീർപ്പുകൾ ഉണ്ടായി രാജ്യം ഒരുമിച്ചു മുന്നോട്ട് പോകുമ്പോൾ, പട്ടാള ഭരണത്തിൽ കീഴിൽ ഒടുക്കത്തെ തീർപ്പ് മാത്രമേ ഉണ്ടാകുന്നുള്ളൂ.


By സഞ്ജയ് ദേവരാജൻ