ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഗുവാഹത്തി മുതൽ ജോർഹത് ടൌൺ വരെ ഓടുന്ന ജനശദാബ്ദി എക്സ്‌പ്രസ് ആണ് ഞങ്ങളുടെ ട്രെയിൻ

കാലത്ത് 5 മണിക്ക് എഴുന്നേറ്റ് ഭാണ്ഡവും കെട്ടി ഇറങ്ങി. ദാസന് ഫ്ലൈറ്റ് പിടിക്കാൻ എയർപോർട്ടിലേക്ക് പോയി. ഞങ്ങൾ ട്രെയിൻ പിടിക്കാൻ റയിൽവേ സ്റ്റേഷനിലേക്കും. ഞങ്ങൾ താമസിച്ചിരുന്ന “ശ്യാം ഗസ്റ്റ് ഹൗസിൽ” നിന്ന് 1km-ഇൽ താഴെയെ ഉള്ളൂ സ്റ്റേഷനിലേക്ക്. 6.30ന്റെ ട്രെയിൻ പിടിക്കാൻ ഞങ്ങൾ 6.20ഓടെ ഓടി കിതച്ച് എത്തി. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഗുവാഹത്തി മുതൽ ജോർഹത് ടൌൺ വരെ ഓടുന്ന ജനശദാബ്ദി എക്സ്‌പ്രസ് ആണ് ഞങ്ങളുടെ ട്രെയിൻ. ഒരാൾക് 160 രൂപയോളം ആണ് ചാർജ്ജ്. ട്രെയിനിൽ ഒരുപാട് സ്ഥലം ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ സീറ്റിൽ മുൻപേ തന്നെ സ്ഥാനം പിടിച്ചിരുന്നവരെ അവിടെ തന്നെ ഇരിക്കാൻ അനുവദിച്ച് ഞങ്ങൾ പുറകിലെ വേറെ സീറ്റിൽ കയറി ഇരുന്നു. ട്രെയിൻ എടുത്ത് കുറച്ച് സമയം കഴിഞ്ഞപ്പോളേക്കും ഞങ്ങൾ വീണ്ടും ഉറങ്ങി. ഉച്ചക്ക് 1.30ന് ആണ് ജോർഹത് ടൗണിൽ ട്രെയിൻ എത്തുന്നത്. അത് വരെ ഏകദേശം ഉറക്കം നീണ്ടു. കണ്ണ് തുറന്ന് നോക്കുമ്പോൾ ഒക്കെ നെല്പാടങ്ങളും ചെറിയ ഗ്രാമങ്ങളും ഇടക്ക് തേയില കൃഷിയും ഒക്കെ കാണാമായിരുന്നു. 
ജോർഹത് ടൗണിൽ ട്രെയിൻ ഇറങ്ങിയത് മുതൽ ഒരു ഓട്ടോക്കാരൻ ഞങ്ങളുടെ കൂടെ കൂടി. നിമതി ഘാട്ടിലേക്ക് ആണ് ഞങ്ങൾക്ക് പോകേണ്ടത്. ജോർഹത്തിൽ നിന്ന് 16km ദൂരെ ആണ്. അയാൾ 400 രൂപ പറഞ്ഞു. ഞങ്ങൾ അത് 300 രൂപയിൽ ഉറപ്പിച്ചു. അവിടുത്തെ ഒരു ചെറിയ കടയിൽ നിന്ന് ഉച്ചയൂണും മീൻ കറിയും കഴിച്ച് ഞങ്ങൾ അയാളുടെ ഓട്ടോയിൽ കയറി നിമതി ഘാട്ടിലേക്ക് യാത്രയായി. ജോഹർത് ടൗണിൽ നിന്ന് ഓട്ടോ ചെറിയ ഗ്രാമങ്ങളിലേക്ക് കടന്നു. കേരളവും ആയി ഒരുപാട് സാമ്യം ഉള്ള കാഴ്ചകൾ ആണ് വഴിയിൽ മുഴുവൻ കണ്ടത്. വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങളും കേരത്തിലേത് പോലെ ഉള്ള വീടുകളും വഴികളും ഒക്കെ ആണ്. വീടുകളുടെ മുറ്റം എല്ലാം വൃത്തിയോടെ വച്ചിരിക്കുന്നു. ചില വീടുകൾക്ക് മുന്നിൽ ചെറിയ കുളങ്ങൾ ഉണ്ട്. കന്നുകാലി വളർത്തും കൃഷിയും ഒക്കെ ആണ് ഇവിടുത്തെ ആളുകളുടെ പ്രധാന തൊഴിൽ എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു പലയിടങ്ങളും. വീടുകൾ എല്ലാം ഷീറ്റ് ഇട്ട് മേഞ്ഞതാണ്. കോണ്ക്രീറ്റ് കൊണ്ട് വാർത്തവ കണ്ടതെ ഇല്ല. റോഡുകൾ നല്ലത് ആണെങ്കിലും എല്ലായിടത്തും ഒരുപാട് ഹമ്പുകൾ വച്ചിട്ടുണ്ട്. ഞങ്ങളുടെ ഓട്ടോ പതിയെ ഓടി 3.30ന് നിമതി ഘാട്ടിൽ എത്തി.

4 മണിക്ക് മജൂളിയിലേക്ക് പോകേണ്ട ഫെറി അവിടെ ആളുകളെ കാത്ത് കിടപ്പുണ്ട്. കുറച്ച് കാറുകളും ബൈക്കുകളും എല്ലാം അതിൽ കയറ്റി ഇട്ടിട്ടുണ്ട്. ഞങ്ങൾ അതിൽ കയറി ബാഗ് വച്ച് അവിടെ ഫെറിയുടെ പരിസരത്ത് കറങ്ങി നടന്നു. ഫോട്ടോസ് എടുത്തു. 
കൃത്യം 4 മണിക്ക് ബോട്ട് എടുത്തു. ബ്രഹ്മപുത്ര നദിയിലൂടെ ബോട്ട് മുന്നോട്ട് നീങ്ങി. ഏകദേശം 1 മണിക്കൂർ നേരത്തെ യാത്രയുണ്ട് മജൂളിയിലേക്ക് എത്താൻ. ബോട്ടിൽ വച്ച് തൗഫീഖ് എന്ന ഒരു സുഹൃത്തിനെ പരിചയപെട്ടു. അയാളുടെ ഒരു ബന്ധു മരിച്ച വിവരം അറിഞ്ഞ് ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു അയാൾ. കൂടെ അയാളുടെ അനിയനും ഉണ്ടായിരുന്നു. അറിയാവുന്ന ഹിന്ദിയിൽ ഞാൻ കുറെ നേരം സംസാരിച്ചു നിന്നു. അയാളുടെ ബിസിനെസ്സിനെ പറ്റിയും എന്റെ യാത്രയെ പറ്റിയും ഈ നാടിനെ പറ്റിയും അങ്ങനെ ഒരുപാട് നേരം. കേരളത്തോടും അവിടെ ഉള്ള ആളുകളോടും വളരെ സ്നേഹവും ബഹുമാനവും അയാളുടെ വാക്കുകളിൽ ഞാൻ കണ്ടു. ബോട്ട് പതിയെ മജൂളിയോട് അടുത്തു. അസ്തമയ സൂര്യൻ ചുവന്ന് തുടുത്ത് നദിയിലേക്ക് ഊളയിട്ട് മറയാൻ കാത്തിരിക്കുന്നുണ്ടായിരുന്നു.


മജൂളിയുടെ തീരത്ത് ഇറങ്ങി ഒരു ചായയും കുടിച്ച് ഞങ്ങൾ അവിടെ നിന്ന് കിട്ടിയ ഷെയർ ടാക്സിയിൽ മജൂളി നഗരത്തിലേക്ക് പോയി. 20 രൂപ ആണ് ഒരാൾക്കുള്ള ചാർജ്ജ്. അപ്പോളേക്കും ഇരുട്ടായി തുടങ്ങുയിരുന്നു. നഗരത്തിൽ ഇറങ്ങി ഞങ്ങൾ ടെന്റ് പിച്ച് ചെയ്യാൻ ഒരു സ്ഥലം അന്വേഷിച്ചു. ഒരു ഓട്ടോക്കാരൻ ഞങ്ങൾക്ക് ഒരു റിസോർട്ടിലേക്ക് ഉള്ള വഴി തെളിച്ചു. അയാൾ ഞങ്ങളെ ഇറക്കിയ സ്ഥലത്ത് ടെന്റ് പിച്ച് ചെയ്തോട്ടെ എന്ന് ചോദിച്ചെങ്കിലും അനുവാദം കിട്ടിയില്ല. അതിന് തൊട്ടപ്പുറത്ത് “ഓകെഗിഗാ ഹോംസ് (Okegiga Homes)” എന്ന സ്ഥലം ഞങ്ങൾക്ക് കാണിച്ച് തന്നു. അവിടെ നിങ്ങൾക്ക് ടെന്റ് അടിക്കാൻ സ്ഥലം ലഭിക്കും എന്ന് പറഞ്ഞ് ഞങ്ങളെ അങ്ങോട്ട് പറഞ്ഞയച്ചു. ഇവിടെ ഞങ്ങളെ എതിരേറ്റത് നിറഞ്ഞ ചിരിയോടെ ചിലർ ആയിരുന്നു. മനസ് എന്ന് പേരുള്ള ഇവിടുത്തെ മാനേജരെ കണ്ടു. ദിവസം 150 രൂപക്ക് ഒരു ടെന്റ് അടിക്കാൻ അയാൾ സമ്മതം മൂളി. മുള കൊണ്ടും ഓല കൊണ്ടും എല്ലാം നിർമിച്ച ഒരുപാട് ചെറിയ ഹട്ടുകൾ ആണ് ഇവിടെ എല്ലാം. രാത്രി ആയതിനാൽ സ്ഥലത്തിന്റെ രൂപം പൂർണമായി മനസിലാക്കാൻ കഴിഞ്ഞില്ല.


നല്ല സ്ഥലം നോക്കി ടെന്റ് പിച്ച് ചെയ്തു. നല്ല തെളിഞ്ഞ് നിൽക്കുന്ന ആകാശം. നിറയെ നക്ഷത്രങ്ങൾ. വളരെ മൃദുവായ ഒരു പുല്ലാങ്കുഴൽ സംഗീതം എവിടെ നിന്നോ ഞങ്ങളെ തേടി വന്നിരുന്നു. ആകാശവും നക്ഷത്രങ്ങളും സംഗീതവും അവിടം മനോഹരമായ അനുഭവം ആക്കി മാറ്റി. ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി. അവിടെ ഇരുന്ന് മനസും അവിടുത്തെ സുഹൃത്തുക്കളും ആയി കുറെ നേരം സംസാരിച്ചു. മിലി എന്ന് പേരുള്ള പയ്യൻ ഞങ്ങളെ കാലത്ത് 5.30ന് വഞ്ചിയിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു. അവന് 400 രൂപ കൊടുക്കണം. ഒരുപാട് നേരം സംസാരിച്ചു. കേരളത്തെ പറ്റിയും ടൂറിസത്തെ പറ്റിയും ബിസിനസ്സിനെ പറ്റിയും സംഗീതത്തെ പറ്റിയും ഒക്കെ. ഉഗ്ഗി എന്ന് പറഞ്ഞ നായയാണ് ഈ സ്ഥലത്തെ കാവൽക്കാരൻ. അവൻ വന്ന് ഞങ്ങളെ മണത്ത് നോക്കി സുരക്ഷ ഉറപ്പാക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് ഞങ്ങൾ ടെന്റിലേക്ക് നീങ്ങി. ഉറങ്ങണം. കാലത്ത് വഞ്ചിയിൽ പോകാൻ ഉള്ളതാണ്.


ചിത്രങ്ങളും വിവരണവും : ധീരജ് കെ രാജാറാം