‘മകർണ’ കല്ലുകളിൽ കടഞ്ഞെടുത്ത കുഞ്ച് ബിഹാരി വാസ്തുകലയുടെ ഒരു മകുടോദാഹരണമാണ്

എന്റെ രാജസ്ഥാൻ യാത്രയുടെ ആദ്യഭാഗം വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി. ആദ്യ ഭാഗം വായിച്ച ശേഷം യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അന്വേഷിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാവരോടും എന്റെ സ്നേഹം പങ്കുവെച്ചുകൊണ്ട് യാത്രയുടെ ആറാം  ദിവസത്തിലേക്ക് കടക്കട്ടെ…..


ആറാം ദിവസം ജോധ്‌പൂരിന്റെ തിരക്കുകളിലേക്ക് ഉണർന്ന ഞങ്ങൾ രാവിലെ 7 മണിക്ക് തന്നെ  അടുത്തുള്ള പാതാളക്കിണർ (സ്റ്റെപ്പ് വെൽ), ക്ലോക്ക് ടവർ എന്നിവ സന്ദർശിച്ചു. അവിടെനിന്നും മഹാരാജ വിജയ് സിംഗ് 1847 ൽ തന്റെ മകന്റെ ഓർമ്മക്കായി പണികഴിപ്പിച്ച കൃഷ്ണ ക്ഷേത്രമായ ‘കുഞ്ച് ബിഹാരി’ യിലേക്ക് യാത്ര തിരിച്ചു. ‘മകർണ’ കല്ലുകളിൽ കടഞ്ഞെടുത്ത കുഞ്ച് ബിഹാരി വാസ്തുകലയുടെ ഒരു മകുടോദാഹരണമാണ്.  പിന്നീട് ഒരു ഓട്ടോ വാടകയ്‌ക്കെടുത്ത്  ഏകദേശം 173 ഏക്കറുകളിലായി പരന്നുകിടക്കുന്ന റാവു ജോധ മരുഭൂമി ദേശീയ പാർക്കിലെത്തി ഒരു ട്രെക്കിംഗും നടത്തി. അതു കഴിഞ്ഞ്‌ പാർക്കിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന മെഹാരംഗ് കോട്ട സന്ദർശിച്ചു.

ജോധ്പൂർ നഗരത്തിൽ നിന്നും 410 അടിഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കോട്ട Rudyard Kipling വിശേഷിപ്പിച്ചതു പോലെ “the work of giants” തന്നെ. കോട്ടയിൽ നിന്നിറങ്ങി സമീപത്തുള്ള ബാസാറിൽ കുറച്ച് ഷോപ്പിംഗും നടത്തി രാത്രി 11 മണിയോടെ തിരിച്ച് ജയ്പൂരിലേക്കുള്ള ട്രെയിൻ പിടിച്ചു.റാവു ജോധ പാർക്കിന് 100 രൂപയും, മെഹാരംഗ് കോട്ടയ്ക്ക് 200 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.


ഏഴാം ദിവസം പുലർച്ചെ 5 മണിയോടെ ജയ്പൂരിലെത്തിയ ഞങ്ങൾ അവിടെ ഒരു ക്യാബിൽ താമസസ്ഥലത്തെത്തി ഒന്നു ഫ്രഷ് ആയ ശേഷം 9.30 ന് അജ്മീരി ഗേറ്റിലേക്കുള്ള ഒരു ബസിൽ കയറി…അജ്മീരി ഗേറ്റിലെത്തിയ ഞങ്ങൾ ആൽബർട്ട് മ്യൂസിയവും കണ്ട് അടുത്തുള്ള മസാല ചൗക്കിൽ നിന്നും ‘ബ്രഞ്ച് കഴിച്ചു’. പതിനഞ്ചിലധികം സ്റ്റാളുകളുള്ള തനത് രാജസ്ഥാൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു ഫുഡ് കോർട്ടാണ് മസാല ചൗക്ക്. പിന്നെ ‘ജൽ മഹൽ’ സന്ദർശിച്ച ശേഷം അമേർ കോട്ടയിലേക്ക് പോയി. ജയ് ഗഡ്‌ കോട്ട സന്ദർശിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും വളരെ ക്ഷീണിതരായതിനാൽ ആ ആഗ്രഹം ഞങ്ങൾ ഉപേക്ഷിച്ച്  ഞങ്ങളുടെ താമസസ്ഥലമായ ‘ഹർമാൻസ് ഹോം സ്റ്റേയിലേക്ക് മടങ്ങി. നഗരത്തിൽ നിന്നും അൽപ്പം അകലെയാണെങ്കിലും ‘ഹർമാൻസ്’ ( 9251852492 ) സുഖപ്രദമായ ഒരു ഇടമാണ്. പ്രധാന റോഡിൽ നിന്നും ബസ്സും ക്യാബും എല്ലാം എളുപ്പത്തിൽ കിട്ടുന്നതിനാൽ ദൂരം ഒരു ബുദ്ധിമുട്ടാകുന്നില്ല.    


എട്ടാം ദിവസം രാവിലെ 6.15 ഓടെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ബസ്സിൽ ഞങ്ങൾ അജ്മീറിലേയ്ക്ക് തിരിച്ചു 8.45 ഓടെ  അവിടെ എത്തി .മറ്റൊരു ബസിൽ കയറിഏകദേശം 10 മണിയോടെ  പുഷ്ക്കറിൽ ഇറങ്ങി. ബ്രഹ്മ ക്ഷേത്രത്തിൽ എത്തി, ഉത്സവ സമയങ്ങളിൽ ക്ഷേത്രത്തിൽ അസാമാന്യ തിരക്കാണ്. ഏകദേശം 11.15 ആയപ്പോഴാണ് ഞങ്ങൾ ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയത്.  പുഷ്കർ മാർക്കറ്റിൽ ചെറിയ ഷോപ്പിംഗും നടത്തി.ഞങ്ങൾ 1.30  ന് അജ്മീറിലേക്കുള്ള ഒരു ബസ്സിൽ കയറി 2 മണിയോടെ ലക്ഷ്യ സ്ഥാനത്തെത്തി. അവിടെ വളരെ പ്രസിദ്ധമായ ദർഗ സന്ദർശിച്ചു. ഈ ദർഗയിൽ നിർമ്മലമായ മനസോടെ എന്ത് പ്രാർത്ഥിച്ചാലും അത് ലഭിക്കും എന്നാണു വിശ്വാസം.  ദർഹയിൽ നിന്നിറങ്ങി 3.30 ന്  മുൻകൂട്ടി ബുക്ക് ചെയ്ത ബസിൽ  ജയ്പൂരിലേക്ക് തിരിച്ചു.  
രാജസ്ഥാനിലെ ബസ് ഡ്രൈവർമാരെ വിശ്വസിക്കാൻ കൊള്ളില്ല. മുൻപ്  അജ്മീറിൽ ഒരു ബസ് ഡ്രൈവർ, അരമണിക്കൂറിനുശേഷം  മാത്രമേ തന്റെ ബസ് എടുക്കുകയുള്ളൂവെന്നും, തന്റെ ബസിന് മുൻപായി പോകുന്ന ഒരു ബസ് ഉടൻ വരുമെന്നും ഞങ്ങളോട്  പറഞ്ഞു. അതു വിശ്വസിച്ച്‌ മറ്റേ ബസ് വരുന്നതുവരെ ഞങ്ങൾ കാത്തിരുന്നു. ഇതിനിടയിൽ ആദ്യത്തെ ബസ് നിറഞ്ഞു, അയാൾ 10 നിമിഷനുള്ളിൽ ബസ് എടുത്തു കൊണ്ടു പോവകയും ചെയ്തു, ഞങ്ങൾക്ക് ഇളിഭ്യരായി കാത്തിരിക്കേണ്ടിയും വന്നു. മറ്റൊരിക്കൽ, ജയ്പൂരിലേയ്ക്ക് ഞങ്ങൾ ബുക്ക് ചെയ്ത ബസിന്റെ സമയം ഉച്ചതിരിഞ്ഞ് 3.30 ന് ആയിരുന്നു. അന്ന് 3.20 ന് ബസ് പുറപ്പെട്ടു. 3 മണിക്ക് തന്നെ എത്തി സ്ഥാനമുറപ്പിച്ചതു കൊണ്ട് മാത്രം അന്ന് യാത്ര സാധ്യമായി. രണ്ട് തവണയും രാജസ്ഥാൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളായിരുന്നു ഞങ്ങളെ പറ്റിച്ചത്.


ഒൻപതാം ദിവസം ഞങ്ങൾ ഹവ മഹലും, സിറ്റി പാലസും സന്ദർശിച്ചു. അവിടെ ഞങ്ങൾ ഒരു ഗൈഡിന്റെ സഹായം തേടി. എന്നാൽ ഒരു ഗൈഡിന്റെ ആവശ്യമില്ലെന്ന് പിന്നീടാണ്ഞങ്ങൾ മനസ്സിലാക്കിയത്  കാരണം എല്ലാ പുരാവസ്തുക്കൾക്ക് മുന്നിലും അതിന്റെ ചരിത്രം വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു. ഉച്ചകഴിഞ്ഞു  പുതപ്പുകൾക്കും ഷീറ്റുകൾക്കും പ്രസിദ്ധമായ ബാപ്പു ബാസാർ,  കല്ലു പതിച്ച ആഭരണങ്ങൾക്ക് പ്രസിദ്ധിമായ ജോഹ്രി ബസാർ, കൃത്രിമ ആഭരണങ്ങൾ കൊണ്ട് നിറഞ്ഞ ചമേലി മാർക്കറ്റ് എന്നിവിടങ്ങളിൽ കുറച്ചു ഷോപ്പിങ്ങും നടത്തി.
പത്താം ദിവസം രാവിലെ 10.30 ഓടെ വിമാനത്താവളത്തിലെത്തി. രാജസ്ഥാനോട് യാത്ര പറഞ്ഞ്  വൈകുന്നേരം 5.30 ഓടെ കൊച്ചിയിലെത്തി.


* യാത്രാ സംഗ്രഹം *
സന്ദർശിച്ച സ്ഥലങ്ങൾ – ഉദയ്പൂർ, ജയ്സാൽമീർ, ജോധ്പൂർ, പുഷ്കർ, അജ്മീർ, ജയ്പൂർ
കൊച്ചിയിൽ നിന്നുള്ള വിമാന നിരക്ക് ഉൾപ്പെടെയുള്ള യാത്രാ ചെലവ്- 15,490 രൂപ
ഭക്ഷണച്ചെലവ് – 3800 രൂപ
സന്ദർശന നിരക്കുകൾ – 2030 രൂപ
താമസം- 4250 രൂപ
ആകെ ചെലവ് – 10 പകൽ 9 രാത്രി – 25,570 രൂപ


വീരരാജാക്കന്മാരുടെയും ധീര യോദ്ധാക്കളുടെയും നാട്….മനോഹരമായ കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്…. സംസ്ക്കാര സമ്പന്നതയും, നിറങ്ങളുടെ ഊർജസ്വലതയും തനത് വിഭവങ്ങളും രാജസ്ഥാനെ വ്യത്യസ്തമാക്കുന്നു. തനിച്ചും, കൂട്ടമായും, സുഹൃത്തുക്കൾക്കൊപ്പവും,കുടുംബം, ദമ്പതികൾ തുടങ്ങി എല്ലാത്തരം യാത്രക്കാരുടെയും പ്രതീക്ഷകളെ സംതൃപ്തമാക്കാൻ ഈ നാടിനാകും. നിങ്ങൾക്ക് കുറച്ച് സമാധാനപരമായ ദിവസങ്ങൾ ചെലവഴിക്കാനാണ് ആഗ്രഹമെങ്കിൽ നിരവധി തടാകങ്ങളുടെ ശാന്തത ആസ്വദിക്കാം, ചരിത്രം തിരയുന്നവരാണെങ്കിൽ കോട്ടകളും, മ്യൂസിയങ്ങളും, കൊട്ടാരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.ഭക്ഷണ പ്രിയരാണെങ്കിൽ വഴിയോര കടകൾ , തനത് വിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുടെ രൂപത്തിൽ രാജസ്ഥാൻ നിങ്ങളെ മാടി വിളിക്കും. നിങ്ങൾക്ക് ‘അഡ്രിനാലിൻ റഷ്’  അനുഭവപ്പെടണമെങ്കിൽ സിപ്ലൈനിംഗ്, ഹോട്ട് എയർ ബലൂൺ, പാരാഗ്ലൈഡിംഗ് തുടങ്ങിയ ഓപ്ഷനുകൾ ഉണ്ട്. ഒരിക്കൽ രാജസ്ഥാൻ സന്ദർശിച്ചാൽ എന്നെപ്പോലെ നിങ്ങളും ഓർമ്മകളുടെ ഒരു നിധിയുമായി  മടങ്ങിവരും… തീർച്ച !!!!