വിശ്രമജീവിതം

vishrama-jeevitham
vishrama-jeevitham

കേശവൻകുട്ടി രാവിലെ തന്റെ വീട്ടിലെ കോഴിയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം വിജയഭാവത്തിൽ ഭാര്യയുടെ കയ്യിൽ ഏൽപ്പിച്ചു. ഭർത്താവിന്റെ അപ്പോഴത്തെ ഭാവം കണ്ട കേശവൻകുട്ടിയുടെ ഭാര്യയ്ക്ക് ഉള്ളിൽ ചിരിപൊട്ടി. ഒരു കോഴിയെ കൊല്ലുമ്പോൾ ഇയാൾ വലിയ വീരൻ ആയി എന്നാണ് ഇയാളുടെ ഭാവം. കോഴിയെ പാകം ചെയ്യാനായി ഭാര്യ അടുക്കളയിലേക്ക് പോയി.

ചെറുപ്പത്തിൽ ദരിദ്രനായിരുന്നു കേശവൻകുട്ടി. എങ്ങനെയോ ഗൾഫിൽ പോയി അവിടെ കഷ്ടപ്പെട്ട് നല്ല സമ്പന്നനായ ഒരാളാണ് കേശവൻകുട്ടി. മക്കളൊക്കെ കല്യാണം കഴിച്ച് അയച്ചു നാട്ടിൽ കൃഷികാര്യങ്ങളുമായി ആയി വിശ്രമജീവിതം നയിക്കുകയാണ്.

ഞായറാഴ്ച്ച ദിവസങ്ങളിൽ സന്ധ്യയോടെ സുഹൃത്തുക്കളുമായി വീടിനോടു ചേർന്നുള്ള സ്വന്തം തോട്ടത്തിലെ ചായ്പ്പിൽ മദ്യപാനവും, അല്പം വീരവാദം പറച്ചിലും കേശവൻ കുട്ടിയുടെ ശീലമാണ്.

സന്ധ്യ യോട് കൂടി ബാല്യകാല സുഹൃത്തായ സുഗുണൻ ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി എത്തി. നാട്ടിൽ റേഷൻ കട നടത്തുകയാണ് സുഗുണൻ. അതുകൊണ്ട് തന്നെ നാട്ടു വിശേഷങ്ങൾ എല്ലാം കേശവൻ കുട്ടിക്ക് സുഗുണനിൽ നിന്ന് അറിയാനും കഴിയും.

അന്ന് മദ്യപാനവും, വീരവാദം പറച്ചിലും രാത്രി വരെ നീണ്ടു. കറണ്ട് ഇടക്ക് പോയും വന്നും ഇരുന്നു .ഒരു ഘട്ടത്തിൽ കേശവൻകുട്ടി താൻ ഗൾഫിൽ എത്തപ്പെടാൻ ഉണ്ടായ സാഹചര്യം സുഗുണനോട് പറഞ്ഞു. സുഗുണാ നിനക്ക് മുരളിയെ ഓർമ്മയുണ്ടോ നമ്മുടെ കൂടെ പഠിച്ച, അവനും ഞാനും ഒന്നിച്ചായിരുന്നു ഗൾഫിൽ വിസയ്ക്കായി ശ്രമിച്ചത്. അന്ന് വിസയ്ക്കും യാത്രാച്ചെലവും ആയി ഏകദേശം ഒരു ലക്ഷം രൂപയോളം വേണമായിരുന്നു. വാടക വീട്ടിൽ താമസിച്ചിരുന്ന എന്റെ കുടുംബത്തിന് അന്ന് അത് സംഘടിപ്പിക്കാൻ കഴിയാതെ പോയി. എന്നാൽ മുരളി തമിഴ്നാട്ടിലുള്ള തന്റെ മാമനെ പോയി കണ്ടു രൂപ സംഘടിപ്പിച്ചു. വളരെ വൈകി രാത്രി പന്ത്രണ്ടോടെ ആണ് മുരളി നാട്ടിലെത്തിയത്. കവലയിൽ വെച്ച് ഞാൻ മുരളിയെ കണ്ടു. രൂപ ശരിയായ കാര്യം മുരളി എന്നോട് പറഞ്ഞു. അന്ന് ഒഴിഞ്ഞ പറമ്പിലൂടെ പോകുന്ന സമയം, ഇരുട്ടിന്റെ മറവിൽ ഞാൻ അവന്റെ കഴുത്തിൽ കയറിട്ട് ഞെരിച്ചു കൊന്നു. നേരം പുലരുന്നതിനു മുൻപ് അവനെ തെക്കേ കരയലെ സോമന്റെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടി.

മുരളിയുടെ വീട്ടുകാർ അവനെ തിരക്കിയെങ്കിലും തമിഴ്നാട്ടിൽ നിന്ന് പുറപ്പെട്ട മുരളി നാട്ടിലെത്തിയത് ആർക്കുമറിയില്ല. കുറച്ചുനാൾ അവർ മുരളിയെ അന്വേഷിച്ചു, പിന്നെ എന്തെങ്കിലും അപകടം പറ്റി കാണും എന്ന് കരുതി. കൂടുതൽ പോലീസ് അന്വേഷണവും നടന്നില്ല.

മുരളിയുടെ കൈയിൽ നിന്ന് കട്ടെടുത്ത പണം ഏജന്റ് നൽകി താൻ ഗൾഫിലെത്തി. അവിടെ താൻ ജീവിതം പടുത്തുയർത്തി.

കറണ്ട് പോയതുകൊണ്ട് സുഗുണന്റെ മുഖത്തെ അമ്പരപ്പ് കേശവൻ കുട്ടിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. താൻ എന്താണ് പറയുന്നത് എന്ന ഓർമ്മ മദ്യലഹരിയിൽ കേശവൻ കുട്ടിക്കും ഇല്ലായിരുന്നു.

പിറ്റേ ദിവസം പോലീസ് കേശവൻ കുട്ടിയെ തിരക്കി വന്നു. അവർ കേശവൻ കുട്ടിയുമായി തെക്കേകരയിലെ സോമന്റെ പറമ്പ് വരെ പോയി. അവിടെ നിന്ന് പോലീസ് സ്റ്റേഷനിലേക്കും, കോടതിയിലേക്കും പിന്നെ ജയിലിലേക്കും….

സഞ്ജയ് ദേവരാജൻ