പ്രവർത്തിപരിചയമേള…

Naranga achar
Njaansanchari

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടം, ക്ലാസിലെ ഒഴപ്പൻമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം കിട്ടാൻ കിണഞ്ഞു പരിശ്രമിക്കുന്ന കാലം. ഒരിക്കലും ഒരു അദ്ധ്യാപകനയോ അധ്യാപികയോ കൊണ്ട് നല്ലത് പറയിപ്പിക്കരുത് എന്ന് നിശ്ചയിച്ചുറപ്പിച്ച ജീവിതത്തിലെ മനോഹരമായ കൗമാര കാലഘട്ടം.
മീശ നേരത്തെ മുളച്ചു തുടങ്ങിയതുകൊണ്ട് തന്നെ എത്രയും വേഗം ഒരു പെൺകുട്ടിയെ ലൈനടിച്ച് വീഴ്ത്തണം എന്ന ചിന്ത ഏറ്റവും പ്രബലമായ സമയം.

ഭേദപ്പെട്ടൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് രക്ഷകർത്താക്കൾ എന്നെ ചേർത്ത് പഠിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ്സുകൾ പരമ ബോറാണ്. എപ്പോൾ ഉറക്കത്തിലേക്ക് തെന്നി വീണു എന്ന് നോക്കിയാൽ മതി. ഇങ്ങനെ ഉറക്കത്തിലേക്ക് വഴുതിവീഴാൻ ഇരിക്കുന്ന സമയത്താണ് സ്കൂളിലെ പി റ്റി സാർ ക്ലാസ്സിൽ വന്ന് ചോദിക്കുന്നത് ആർക്കൊക്കെ പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ താല്പര്യമുണ്ട്.

വേറൊന്നും നോക്കിയില്ല, ക്ലാസിലെ ഏറ്റവും നല്ല ഉഴപ്പൻമാരായ ഞങ്ങളുടെ സംഘം പ്രവർത്തി പരിചയമേളയിൽ ചേരുന്നുവെന്ന തീരുമാനത്തിൽ എത്തുകയും. വളരെ വേഗത്തിൽ പേരു നൽകുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ലഞ്ച് ബ്രേക്ക് കഴിയുമ്പോഴേ പ്രവർത്തിപരിചയമേള എന്ന് പറഞ്ഞു ക്ലാസ്സ് കട്ട് ചെയ്യുന്നത് പതിവാക്കി. ഞങ്ങളുടെ ഉദ്ദേശശുദ്ധി നല്ലതല്ല എന്ന കാര്യത്തിൽ അധ്യാപികമാർക്ക് യാതൊരു സംശയവുമില്ല. എന്നാൽ ക്ലാസ്സിൽ ഞങ്ങൾ ഉണ്ടാക്കുന്ന ബഹളം ഒഴിവാകും എന്നതുകൊണ്ട് തന്നെ പ്രവർത്തിപരിചയ മേളക്ക് പോകുന്നതിനെ അധ്യാപികമാർ ആരും തടഞ്ഞതും ഇല്ല.

പ്രവർത്തിപരിചയമേളയുടെ പരിശീലന ചുമതല ഡാൻസ് ടീച്ചർക്കു ആയിരുന്നു. അവിടെയും ഒരു ശല്യം ആയതു കൊണ്ട് തന്നെ ഞങ്ങൾക്കു മേൽ വലിയ നിയന്ത്രണങ്ങൾക്ക് ടീച്ചർ വന്നില്ല.

ഡാൻസ് പഠിക്കാൻ വരുന്ന പെൺകുട്ടികളോട് സംസാരിച്ചു സമയം കളയുക. സ്കൂൾ ഗ്രൗണ്ടിൽ പോയി ക്രിക്കറ്റ് കളിക്കുക. ബാക്കിയുള്ളവരെ കുറിച്ച് നുണ പറയുക സിനിമ കഥകൾ പറയുക തുടങ്ങിയ കലാപരിപാടികളുമായി ഞങ്ങളുടെ സംഘം മുന്നേറി.
പെട്ടെന്നാണ് ഒരു അറിയിപ്പ് ഉണ്ടായത് പ്രവർത്തിപരിചയമേളക്ക് പങ്കെടുക്കുന്ന ഐറ്റം എന്താണെന്ന് പറയുക. പ്രവർത്തി പരിചയ മേള നടക്കുന്നത് നഗരത്തിലെ പ്രധാന സ്കൂളിലാണ്. നല്ലൊരു ഐറ്റത്തിന്റെ പേര് പറഞ്ഞ് അതിൽ പങ്കെടുത്തില്ലെങ്കിൽ ക്ലാസ്സിലെ ഹാജർ പോകും. മാത്രമല്ല പ്രവർത്തിപരിചയമേള എന്ന് പറഞ്ഞ് അധ്യാപകരെ കബളിപ്പിച്ചതിന് വീട്ടിൽനിന്ന് രക്ഷകർത്താക്കളെ കൂട്ടിക്കൊണ്ടു വരേണ്ടിയും വരും.

കാര്യങ്ങൾ കൈവിട്ടു പോകും എന്ന് കണ്ടപ്പോൾ ഓരോരുത്തർ ഓരോ ഐറ്റം തെരഞ്ഞെടുത്തു. രാഹുൽ ലാൽ കളിമൺ പ്രതിമ ഉണ്ടാക്കുന്ന മത്സരത്തിന് ചേർന്നു. കളിമണ്ണ് സംഘടിപ്പിക്കുക എന്നുള്ളതാണ് രാഹുലിൽ ലാലിൻറെ ഏറ്റവും വലിയ പ്രശ്നം. ആവശ്യത്തിന് കളിമണ്ണ് രാഹുൽ ലാലിന്റെ തലയിൽ കാണും എന്ന കമന്റുകൾ ചില പെൺകുട്ടികൾ അവിടെനിന്നു പറയുന്നത് കേൾക്കാമായിരുന്നു. വീട്ടിൽ സ്വയം മുട്ട പൊരിച്ചു കഴിക്കും എന്നുള്ളതുകൊണ്ട് തന്നെ അനീഷ് പാചക മത്സരത്തിന് ചേർന്നു. അങ്ങനെ ഓരോരുത്തരായി ഓരോ മത്സരത്തിന് ചേർന്നു. എന്റെ ഊഴം വന്നു ഇനി ആരും ചേരാത്ത ഏതെങ്കിലും മത്സരം ബാക്കി ഉണ്ടോ എന്ന് ടീച്ചറോട് ഞാൻ തിരക്കി. അച്ചാറും ജൂസും ഉണ്ടാക്കുന്ന മത്സര ഐറ്റം ബാക്കിയുണ്ട് എന്നുള്ള മറുപടി വന്നു. അന്നുവരെ ഒരു കട്ടൻ ചായ പോലും ഉണ്ടാക്കാത്ത ഞാൻ നിവർത്തി ഇല്ലായ്മ കൊണ്ടുതന്നെ ആ മത്സര ഐറ്റത്തിനു ചേർന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരു പ്രശ്നം വന്നു. മത്സരത്തിന് തിരുവനന്തപുരത്തെ പ്രമുഖ സ്കൂളിൽ പോകണമെങ്കിൽ മത്സര ഐറ്റത്തിൽ പ്രാഗൽഭ്യം ഉണ്ട് എന്നുള്ളത് ചാർജുള്ള ടീച്ചറെ ബോധ്യപ്പെടുത്തണം.
ഇത് അറിഞ്ഞ പലരും അപ്പോഴേ മുങ്ങി. ഇതറിയാതെ അവിടെ ചെന്ന് കയറിയ ഞാൻ പെട്ടു.

സ്റ്റൗവും നാരങ്ങയും വെളിച്ചെണ്ണ തുടങ്ങിയ സാമഗ്രികൾ ഒക്കെ റെഡി. ഇതിനിടെ സമീപത്തെ വയലിൽ നിന്ന് കുറച്ച് കളിമണ്ണുമായി രാഹുൽ ലാലും സ്ഥലത്തെത്തി. അനീഷിന്റെ പൊടിപോലും അവിടെയെങ്ങും കാണാനില്ല.
കളിമണ്ണിൽ നിന്ന് ഗാന്ധിജിയുടെ പ്രതിമ ഉണ്ടാക്കും എന്ന പ്രഖ്യാപനവുമായി രാഹുൽ ലാൽ പണികളിലേക്കു കടന്നു.
ടീച്ചർ പുറത്തേക്ക് പോവുകയും ചെയ്തു

സർവ്വ അടവുകളും പരാജയത്തിലേക്ക് പോകുന്ന ഈ സമയത്ത് ഞാൻ ചുറ്റും
നോക്കിയപ്പോൾ, ഡാൻസ് പഠിക്കാൻ വന്ന ഒരു പെൺകുട്ടി എന്നെ ശ്രദ്ധിക്കുന്നത് കണ്ടു.

പിന്നെ ഒന്നും നോക്കിയില്ല, അവളോട് ചങ്ങാത്തം കൂടുകയും എങ്ങനെയെങ്കിലും അച്ചാർ ഉണ്ടാക്കാൻ സഹായിക്കണമെന്ന് ദയനീയമായി പറയുകയും ചെയ്തു.
സഹതാപം തോന്നിയ പെൺകുട്ടി, എങ്ങനെ തയ്യാറാക്കണം എന്നുള്ളത് പറഞ്ഞുതരാം. പക്ഷേ അത് ഞാൻ തന്നെ ചെയ്യണം എന്ന കണ്ടീഷൻ വെച്ചു. ഞാൻ അത് അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് ആ പെൺകുട്ടി പറഞ്ഞത് പ്രകാരം എല്ലാ ഞാൻ ചെയ്യുകയും ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അച്ചാർ റെഡി. ഡാൻസ് ടീച്ചർ വന്നു നോക്കി അച്ചാർ റെഡി ആയി ഇരിക്കുന്നത് കണ്ടു. ഞാൻ അപകടഘട്ടം പിന്നിട്ടു. രാഹുൽ ലാൽ എത്ര ശ്രമിച്ചിട്ടും കളിമണ്ണിൽ നിന്ന് ഗാന്ധിജി ഉണ്ടാകുന്നില്ല. രാഹുൽ ലാലിന് മേൽ ടീച്ചറുടെ വഴക്ക് പറച്ചിൽ കൂടിവന്നു. മത്സരത്തിന് പരിശീലനം ഒക്കെ കഴിഞ്ഞ് എന്ന് അറിഞ്ഞ അനീഷ് അവിടെ പ്രത്യക്ഷനായി. തനിക്ക് ക്ലാസ്സിൽ സ്പെഷ്യൽ ടെസ്റ്റ് പേപ്പർ ഉള്ളതുകൊണ്ടാണ് വരാൻ കഴിയാതെ വന്നത് എന്ന പരമമായ കള്ളം, സത്യമായി തന്നെ അനീഷ് അവതരിപ്പിച്ചു.

എല്ലാ അപകടവും കഴിഞ്ഞു പുറത്തേക്ക് ഇറങ്ങാം, എന്ന് ചിന്തിച്ച്, അപ്പോഴാണ് ക്ലാസിലെ കണക്ക് ടീച്ചറുടെയും, സഹപാഠികളായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെയും വരവ്, അച്ചാർ ടേസ്റ്റ് ചെയ്തു നോക്കണം എന്ന് ആരോ പറയുന്നുണ്ട്. വീണ്ടും പെട്ട് എന്ന അവസ്ഥ, ഇതുവരെയും ആരും അച്ചാർ ടേസ്റ്റ് ചെയ്തു നോക്കിയിട്ടില്ല. ഉപ്പും, എരുവ് തുടങ്ങിയവ കൂടിയോ കുറഞ്ഞോ ആരും ഇതുവരെ ശ്രദ്ധിക്കാത്ത കാര്യങ്ങൾ ഒക്കെ ഉയർന്നു വരുമല്ലോ, ആകെ കുഴപ്പം ആയല്ലോ. ഇറങ്ങി ഓടിയാലോ.

ആ ചിന്ത വന്നപ്പോഴേയ്ക്കും കണക്ക് ടീച്ചർ അച്ചാറിന്റെ രുചി നോക്കി കഴിഞ്ഞു. “ഇത്രയും മനോഹരമായ അച്ചാർ ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല, നീ ഇത്രയും നല്ല പാചകക്കാരനാണോ”

ടീച്ചറിന്റെ വാക്കുകൾ ഓടാനുള്ള ചിന്തയെ അവിടെ പിടിച്ചു നിർത്തി.. ക്ലാസിലെ കൂട്ടുകാർ പ്രത്യേകിച്ച് പെൺകുട്ടികൾ എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കി.
കണക്ക് ടീച്ചറുടെ നാക്കിന് എന്തെങ്കിലും പ്രശ്നം പറ്റിയോ എന്നുള്ളതായിരുന്നു എന്റെ ചിന്ത. കണക്ക് ടീച്ചർ നല്ലതാണ് എന്ന് പ്രഖ്യാപിച്ചതോടെ പലരും അച്ചാർ രുചിച്ച് നോക്കി. എല്ലാവരും ഗംഭീരം എന്നു പറയുന്നു. എല്ലാവരുടെയും നാക്കിനു ഒരുമിച്ച് പ്രശ്നം വരുമോ. എന്തായാലും അദ്ധ്യാപികമാർ പലരും പാത്രം കൊണ്ടു വന്നു അച്ചാർ വീട്ടിലേക്ക് വേണം എന്ന് പറഞ്ഞു. നിമിഷ നേരം കൊണ്ട് തന്നെ അച്ചാർ പാത്രം ഒഴിഞ്ഞു.
അങ്ങനെ ഒരു ഹീറോ ഇമേജിൽ ക്ലാസിലേക്ക് മടങ്ങിയ എന്റെ മനസ്സിലെ അപ്പോഴത്തെ ചിന്ത നാളെ ഇത് കഴിച്ച ടീച്ചേർസ്ന്റെ വയറിനു എന്തെങ്കിലും അസുഖം ഉണ്ടാകുമോ എന്നുള്ളതായിരുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ചു നിമിഷനേരം കൊണ്ടു വന്ന ഹീറോ ഇമേജ് ഞാൻ ആസ്വദിച്ചു തുടങ്ങി.

സഞ്ജയ് ദേവരാജൻ