യോർക്ക് ഒരു ടിപ്പിക്കൽ യൂറോപ്യൻ പട്ടണമായിരുന്നു

യോർക്കിലെ സദ്യ…
ഷേക്സ്പിയറിന്റെ നാടായ സ്ട്രാഫോർഡിൽ (Stratford upon Avon) ഉച്ചഭക്ഷണം കഴിഞ്ഞ് സ്കോട്ട്ലാൻറിലേക്ക് യാത്ര തുടർന്നു. ലണ്ടന്റേയും സ്കോട്ട്ലാന്റിന്റെയും ഇടയിൽ യോർക്ക് (York ) എന്ന പട്ടണത്തിൽ ഒരു ദിവസം  താമസമുണ്ട്.  ഏറ്റവും അവസാന ദിവസങ്ങളിൽ ആണ് ലണ്ടൻ സിറ്റി ടൂർ പ്ലാൻ ചെയ്തിരിക്കുന്നത്.
ഉച്ചയ്ക്ക് ഇൻഡ്യൻ ഭക്ഷണം മതിയെന്ന് എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ ഒരു സൗത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ ആണ് കയറിയത്.  കോയമ്പത്തുരുള്ള മൂന്ന് സഹോദരങ്ങൾ നടത്തുന്ന ഹോട്ടലിൽ സാമാന്യം തിരക്കുണ്ട്. കയറിച്ചെല്ലുമ്പോൾ ചുവരിലെ സ്ക്രീനിൽ ഏ.ആർ. റഹ്മാന്റെ തമിഴ് പാട്ടുകൾ തകർക്കുന്നു.  കൂട്ടത്തിൽ സാമ്പാറിന്റേയും രസത്തിന്റെയും മണം കൂടിയായപ്പോൾ മനസ്സിൽ ഗൃഹാതുരത്വം മുളപൊട്ടി.  പച്ച രിച്ചോറ് ആണെന്നതൊഴിച്ചാൽ ഭക്ഷണം വളരെ നന്നായിരുന്നു .


യോർക്ക് ഒരു ടിപ്പിക്കൽ യൂറോപ്യൻ പട്ടണമായിരുന്നു.  ചെരിഞ്ഞ മേൽക്കൂരയുള്ള വീടുകളും,  നൂറ്റാണ്ടുകൾ പഴക്കുള്ള ഗോഥിക്ക് രീതിയിൽ പള്ളികളുമുള്ള നഗരം.  റോഡിനിരുവശത്തും  മരങ്ങൾ പൂത്തുലഞ്ഞു നില്ക്കുന്നു. നഗരത്തെ പകുത്തു കൊണ്ട് ഒരു നദി ഒഴുകുന്നുണ്ട്.  വേനൽക്കാലമായതിനാൽ ഷോപ്പിംങ് മാളുകൾ എല്ലാം സജീവമായിരുന്നു.


റോമൻ അധിനിവേശക്കാലത്ത് തകർന്ന ചില പള്ളികൾ അതേപടി സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്.  കാഴ്ചകളെല്ലാം മനോഹരമായിരുന്നു. യാത്രയുടെ ഇടവേളകളിൽ എല്ലാവരും നിർബ്ബന്ധമായി പാട്ടു പാടണമെന്ന ആവശ്യം ഉയർന്നു.. ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ “മഞ്ഞലയിൽ മുങ്ങിത്തോർത്തി ” എന്ന ഗാനം പാടി.  കൂട്ടത്തിൽ മികച്ച ഗായകരില്ലാത്തതിനാൽ എനിക്ക് കൈയടി കിട്ടി (ജീവിതത്തിൽ ആദ്യമായിട്ടാണ് പാട്ട് പാടി കയ്യടി നേടുന്നത്).  ഒടുവിൽ ആയിരുന്നു അന്താക്ഷരി മത്സരം. ബസ്സിന്റെ രണ്ട്സൈഡിൽ ഇരിക്കുന്നവർ തമ്മിൽ .. അത് കുറെ നീണ്ടുപോയി.  എല്ലാവരും അത് നന്നായി ആസ്വദിച്ചു.  സഹയാത്രികർ പരസ്പരം ഒരു സൗഹൃദം രൂപപ്പെടാൻ ഇത് ഏറെ സഹായിച്ചു.


വണ്ടി സ്കോട്ട്ലാന്റ് ലക്ഷ്യമാക്കി പായുകയാണ്…